ദില്ലി: മുത്തലാഖ് ബില്ല് ലോക്സഭയില്‍ പാസായി. 245 പേര് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ബില്ലില്‍ നടത്തിയ വോട്ടെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചു. 11 പേര് എതിര്‍ത്തു. സിപിഎം എതിര്‍ത്ത് വോട്ടു ചെയ്തു. എന്‍ കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.
കോണ്‍ഗ്രസ്, അണ്ണാ ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. ഓര്‍ഡിനന്‍സിനെതിരെയുള്ള എന്‍കെ പ്രേമചന്ദ്രന്റെ പ്രമേയം സ്പീക്കര്‍ തള്ളുകയായിരുന്നു. മൂന്ന് വര്‍ഷത്തെ ശിക്ഷ എടുത്ത് കളയണം എന്നതാണ് കോണ്‍ഗ്രസ് ആദ്യം തന്നെ ആവശ്യപ്പെട്ടത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്നാണ് ബില്ല് വ്യക്തമാക്കുന്നത്. ഇത് എടുത്തുകളയണമെന്ന ആവശ്യം വോട്ടെടുപ്പില്‍ തള്ളി പോകുകയായിരുന്നു. ഒമ്പത് വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. ഇതില്‍ ഓരോ വ്യവസ്ഥകളിലും വോട്ടുടുപ്പ് നടക്കുകയാണ്.
മുത്തലാഖ് നിരോധന ബില്‍ പിന്‍വലിക്കണമെന്നും മതപരമായ വിഷയങ്ങളില്‍ ഇടപെടരുതെന്നുമാണ് കോണ്‍ഗ്രസ് ലോക്സഭയില്‍ ആവശ്യപ്പെട്ടത്. മുത്തലാഖ് നിരോധന ബില്ലില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ അംഗീകരിക്കാം എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യനിലപാട്. എന്നാല്‍ ബില്ല് അനാവശ്യമെന്ന നിലപാടിലേക്കാണ് കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്. നിയസഭാ തെരഞ്ഞെടുപ്പിലെ വിജയമാണ് ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് ബലം നല്‍കുന്നത്. ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷവിഭാഗങ്ങളെ പാര്‍ട്ടിക്കൊപ്പം നിറുത്തുക എന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്.
ബില്ല് പാസാക്കാന്‍ അണ്ണാ ഡിഎംകെ ബിജു ജനതാദള്‍ തുടങ്ങിയ കക്ഷികളുടെ സഹകരണം ബിജെപി തേടിയിരുന്നെങ്കിലും അണ്ണാ ഡി എം വോട്ടെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. ബില്ല് പാസ്സാക്കിയ ശേഷം മുസ്ലിം സ്ത്രീകളുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ ശ്രമിക്കണമെന്ന നിര്‍ദ്ദേശമാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. 1000 സ്ത്രീകളെ മുത്തലാഖ് പ്രമുഖ് എന്ന പേരില്‍ പ്രചരണത്തിന് നിയോഗിക്കാനാണ് തീരുമാനം.


