ദില്ലി: കൊവിഡ് 19-ന്റെ വ്യാപനം തടയാൻ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതൽ 21 ദിവസത്തേക്കാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഓരോ പൌരൻമാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്. ഇന്ന് രാത്രി മുതൽ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. ജനതാ കർഫ്യൂവിനേക്കാൾ കർശനമായ ലോക്ക് ഡൌണാണ് പ്രഖ്യാപിക്കുന്നത് – മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസ്താവന ഇങ്ങനെ
ജനതാകർഫ്യൂ ജനങ്ങൾ വലിയ വിജയമാക്കി. അതിന് ജനങ്ങളോട് നന്ദി പറയുന്നു. എന്ത് സങ്കടമുണ്ടായാലും അതിനെ ഇന്ത്യക്കാർ ഒന്നിച്ച് നേരിടുമെന്ന് നമ്മൾ തെളിയിച്ചു. ലോകത്തെമ്പാടും കൊറോണവൈറസ് ഒരു മഹാമാരിയായി പടരുന്നത് നമ്മൾ മാധ്യമങ്ങളിലൂടെ കാണുകയാണല്ലോ. പല വികസിത രാജ്യങ്ങളും ഇതിന് മുന്നിൽ നിസ്സഹായരായി നിൽക്കുന്നതും നമ്മൾ കാണുന്നതാണ്. അവരുടെ പക്കൽ ഇതിനെ നേരിടാൻ വേണ്ട സൌകര്യങ്ങളില്ലാഞ്ഞിട്ടല്ല. എന്നിട്ടും വൈറസ് പടർന്നു പിടിക്കുകയാണ്.
ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ ഈ മഹാമാരിയെ നേരിടാൻ വേറെ വഴിയില്ല. ഇത് മെഡിക്കൽ വിദഗ്ധർ തന്നെ വ്യക്തമാക്കിയതാണ്. വീട്ടിൽ അടച്ചിരിക്കൂ. സുരക്ഷിതരായിരിക്കൂ. കൊറോണ പടർന്നുപിടിക്കുന്നത് നമുക്ക് തടഞ്ഞേ പറ്റൂ. അതിന് സാമൂഹ്യ അകലം പാലിക്കണം. ഇത് രോഗികൾക്ക് മാത്രമേ വേണ്ടൂ എന്ന് ചിലർക്ക് തെറ്റിദ്ധാരണയുണ്ട്. ഇത് ശരിയല്ല. കുടുംബത്തിലെ ഓരോരുത്തരും സാമൂഹ്യ അകലം പാലിക്കണം. നിങ്ങൾക്കും എനിക്കും അങ്ങനെ എല്ലാവർക്കും സാമൂഹ്യാകലം പാലിച്ചേ പറ്റൂ. എന്നാൽ ചിലർ നിരുത്തരവാദിത്തപരമായി പെരുമാറുന്നു. ഇത്തരം പെരുമാറ്റം തുടർന്നാൽ രാജ്യം അതിന് വലിയ വില കൊടുക്കേണ്ടിവരും. മിക്ക സംസ്ഥാനസർക്കാരുകളും മികച്ച രീതിയിലാണ് ഈ രോഗത്തെ നേരിടുന്നത്. അവരുടെ പ്രവർത്തനത്തെ അഭിനന്ദിച്ചേ പറ്റൂ. അതിനാൽ ഇന്ന് രാത്രി 12 മണി മുതൽ രാജ്യമൊട്ടാകെ ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നു. രാജ്യത്തെ ഓരോ പൌരൻമാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്. ഇന്ന് രാത്രി മുതൽ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. ജനതാ കർഫ്യൂവിനേക്കാൾ കർശനമായ ലോക്ക് ഡൌണാണ് പ്രഖ്യാപിക്കുന്നത്.
ഇതിനാൽ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിച്ചേക്കാം. എന്നാൽ നമ്മുടെ ജീവൻ രക്ഷിക്കാൻ ഈ നടപടി അനിവാര്യമാണ്. അതിനാൽ ഈ പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ട്വിറ്റര് സന്ദേശം വഴി ഈ വിവരം അറിയിച്ചതും പ്രധാനമന്ത്രി തന്നെയാണ് .


