മണിപ്പൂര്‍ : മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി സംസ്ഥാന സര്‍ക്കാര്‍. ഒക്ടോബര്‍ 21 ന് രാത്രി 7:45 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മണിപ്പൂരില്‍ ഐക്യവും ക്രമസമാധാനവും നിലനിര്‍ത്തുന്നതിനും സാമൂഹിക വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും വേണ്ടിയാണ് നിയന്ത്രണം നീട്ടിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മെയ് മൂന്നിന് സംസ്ഥാനത്ത് അക്രമം റിപ്പോര്‍ട്ട് ചെയ്യതിനെ തുടര്‍ന്നാണ് മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് സെപ്റ്റംബര്‍ 23 ന് ഇത് പുനഃസ്ഥാപിച്ചു.
എന്നാല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 26 ന് വീണ്ടും മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. പിന്നാലെ ഒക്ടോബര്‍ 9ന് ഒരാളെ ചുട്ടുകൊന്നതായി പറയുന്ന വീഡിയോ വൈറലായി.
ഇതോടെ സംഘര്‍ഷം വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 11 വരെ നീട്ടുകയായിരുന്നു. തുടര്‍ന്ന് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്സ് എന്നിവയുള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അക്രമാസക്തമായ വീഡിയോകളും ഫോട്ടോകളും വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഒക്ടോബര്‍ 16 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.


