സേലം: പ്രണയിച്ച് വിവാഹം കഴിച്ചവരെ തട്ടിക്കൊണ്ട് പോയി വരനെ വഴിയരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അരങ്ങേറിയത് നാടകീയമായ സംഭവങ്ങള്‍. കഴിഞ്ഞ ദിവസം സേലം ഈറോഡിലാണ് സംഭവം നടന്നത്. പോലീസിന് പോലും യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം യുവതി അഭിഭാഷകനൊപ്പം പ്രത്യക്ഷപ്പെട്ടപ്പോള്‍ ഞെട്ടിയത് നാട്ടുകാരാണ്. എന്നാല്‍ സ്റ്റേഷനിലെത്തിയ യുവതി കാമുകനെതിരെ തന്നെയാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകനും വിവാഹത്തിന് സഹായം ചെയ്ത രണ്ട് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
ജാതിമാറിയാണ് യുവതി വിവാഹം കഴിച്ചത്. ഈ വിവാഹവും തുടര്‍ന്ന് നടന്ന സംഭവങ്ങളും കഴിഞ്ഞ അഞ്ച് ദിവസമായി ചര്‍ച്ചയായിരുന്നു. ചൊവ്വാഴ്ച മുതല്‍ ഗുണ്ടാസംഘത്തിന്റെ തടവിലായിരുന്ന വധു ഒടുവില്‍ കാമുകനെ തള്ളി പറയുകയും പരാതി നല്‍കുകയുമായിരുന്നു. യുവതിയുടെ വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെയാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ രാത്രി തന്നെ യുവതിയെ പിതാവിന്റെ ആളുകള്‍ തട്ടിക്കൊണ്ട് പോകുകയും ചെയ്തു. തുടര്‍ന്ന് അഭിഭാഷകനൊപ്പം പ്രത്യക്ഷപ്പെട്ട യുവതി കാമുകന് തന്നെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിക്കുകയായിരുന്നു എന്നാണ് പരാതി നല്‍കിയത്. വിവാഹത്തിനു മുന്‍കൈ എടുത്ത കൊളത്തൂര്‍ മണി, ദ്രാവിഡ വിടുതലൈ ഇയ്യക്കം കണ്‍വീനര്‍ ഈശ്വരന് എന്നിവര്‍ക്കെതിരെയും കേസ് നല്‍കിയിട്ടുണ്ട്.


