ന്യൂഡൽഹി: സ്വവർഗാനുരാഗികൾ, ട്രാൻസ്ജെൻഡർ വ്യക്തികൾ, ലൈംഗികത്തൊഴിലാളികൾ എന്നിവർക്ക് രക്തം ദാനം ചെയ്യുന്നതിനായുള്ള വിലക്ക് തുടരുമെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. വിദഗ്ധ സമിതി വിഷയം വീണ്ടും പരിശോധിച്ചെന്നും എന്നാൽ പൊതുജനാരോഗ്യം മുൻനിർത്തി നിലവിലെ നിയന്ത്രണങ്ങൾ തുടരണമെന്നുമാണ് സർക്കാരിന്റെ നിലപാട്.
കഴിഞ്ഞ വർഷം, നിരോധനം പുനഃപരിശോധിക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പൊതുതാൽപ്പര്യം മുൻനിർത്തി നിരോധനം അനിവാര്യമെന്ന് വിദഗ്ധർ പറഞ്ഞതായി കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. ഈ നിരോധനത്തില്‍ ഇളവ് വരുത്തുന്നത് അത് സ്വീകർത്താക്കൾക്ക് ദോഷകരമാകുമെന്ന് വിദഗ്ധര്‍ക്ക് അഭിപ്രായമുണ്ടെന്നും ഭാട്ടി പറഞ്ഞു. കമ്മിറ്റിയുടെ ന്യായവാദം രേഖപ്പെടുത്തിയിട്ടില്ലെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ജയ്ന കോത്താരി വാദിച്ചു. ലൈംഗിക സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെ രക്തദാനത്തിൽ നിന്ന് മാറ്റിനിർത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിക്കാർ വാദിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. രക്തം സ്വീകരിക്കുന്നവരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. “അണുബാധ ഉണ്ടാകാൻ ഒരു ശതമാനം സാധ്യതയുണ്ടെങ്കിൽ പോലും അത് അനുവദിക്കാനാവില്ല. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാൻ കഴിയാത്ത ദശലക്ഷക്കണക്കിന് ദരിദ്രരായ ആളുകളാണ് സർക്കാർ സംവിധാനങ്ങളിലെ രക്തദാനത്തെ ആശ്രയിക്കുന്നത്. അവരെ അപകടത്തിലാക്കാൻ കഴിയില്ലെന്നും എന്ന് കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ എന്നത് സാങ്കേതികവും ശാസ്ത്രീയവുമായ കാര്യമാണ്.ഇതിൽ മെഡിക്കൽ വിദഗ്ധർ എടുത്ത തീരുമാനത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.


