ഭോപ്പാല്‍: സ്ത്രീകള്‍ കൈവശം കോണ്ടം കരുതണമെന്നും ബലാത്സംഗം ചെയ്യുന്നവരുമായി സഹകരിച്ചാല്‍ അക്രമം ഒഴിവാക്കാമെന്ന സിനിമ സംവിധായകന്റെ ഉപദേശത്തിന് പിന്നാലെ രാജസ്ഥാന് മന്ത്രിയുടെ പരാമര്‍ശവും വിവാദമാകുന്നു. ടിവിയുടെയും മൊബൈല്‍ ഫോണിന്റെയും അമിത ഉപയോഗമാണ് ബലാത്സംഗം പോലുള്ള ഗുരുതരമായ കുറ്റകൃത്യത്തിന് കാരണമെന്ന മന്ത്രിയുടെ വിചിത്രവാദമാണ് വിവാദത്തിന് അടിസ്ഥാനം.
രാജസ്ഥാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയുമായ ബന്‍ബര്‍ലാല്‍ മെഗ്ബാളിന്റെതാണ് വിചിത്രമായ പരാമര്‍ശം. മൊബൈല്‍ ഫോണുകളും ടിവിയും കണ്ടുപിടിക്കുന്നതിന് മുന്‍പ് രാജ്യത്ത് ബലാത്സംഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ യുവാക്കളുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ഇവരെ തെറ്റായ പ്രവണതകളിലേക്ക് നയിക്കുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. ബലാത്സംഗകേസുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ തീര്‍പ്പ് കല്പ്പിക്കണം. പ്രതികളെ പരസ്യമായി തൂക്കിക്കൊല്ലണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെലങ്കാനയില്‍ 26കാരിയായ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ബലാത്സംഗവുമായി ബന്ധപ്പെട്ട് നേരത്തെയും ഇത്തരം വിചിത്രമായ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. ഫാസ്റ്റ് ഫുഡ് കഴിക്കുന്നതാണ് ബലാത്സംഗത്തിന് കാരണമെന്നായിരുന്നു നേരത്തെ ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞത്. മറ്റൊരുഘട്ടത്തില്‍ ബോളിവുഡിലെ ഐറ്റം നമ്ബറുകളാണ് ബലാത്സംഗത്തിന് കാരണമെന്നായിരുന്നു കണ്ടെത്തല്‍. സ്ത്രീകളുടെ സമ്മതത്തോടെയാണ് ബലാത്സംഗം നടക്കുന്നതെന്നും ജീന്‍സ് വസ്ത്രധാരണം ബലാത്സംഗത്തിന് കാരണമാണെന്നും ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ കാരണമായി കണ്ടെത്തിയിരുന്നു.


