കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ബിജെപി കയ്യേറിയ ഓഫീസുകള്‍ തിരിച്ചുപിടിയ്ക്കാന്‍ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് മുഖ്യമന്ത്രി മമത ബാനർജി നിര്‍ദ്ദേശം നൽകിയതായി റിപ്പോർട്ട്. ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ ‘ബംഗ ജനനി ബാഹിനി’, ‘ജയ്ഹിന്ദ് ബാഹിനി’ എന്നീ സംഘടനകള്‍ രൂപീകരിച്ചതിന് പിന്നാലെയാണ് മമതയുടെ നടപടി.
ബിജെപി പിടിച്ചെടുത്ത ഓഫീസുകള്‍ കഴിയുന്നത്രയും വേഗത്തിൽ തിരിച്ചുപിടിക്കാന്‍ മമത ബാനർജി തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന തൃണമൂൽ നേതാവ് പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. രാജ്യദ്രോഹികൾക്ക് ഒരിക്കലും ബംഗാളിലെ ജനത മാപ്പ് നൽകില്ലെന്നും അവർക്ക് തക്കമായ മറുപടി ലഭിക്കുമെന്നും മമത പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. തൃണമൂല്‍ തോറ്റ സ്ഥലങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്താൻ മമത പദ്ധതിയിടുന്നുണ്ട്. ജനങ്ങളുടെ പരാതികൾ ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കണമെന്നും മമത നിര്‍ദേശം നല്‍കിയതായി നോതാവ് പറഞ്ഞു.


