തൃശൂര്‍: ഗൂഗിള്‍ പേ മുഖേന പണം വാങ്ങി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ബീഡി വിറ്റ സംഭവത്തില്‍ പ്രതിയായ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒളിവില്‍. എറണാകുളം കാലടി സ്വദേശി എഎസ് അജുമോനാണ് ഒളിവില്‍പോയത്. ഉന്നത ഉദ്യോഗസ്ഥര്‍ ഇയാളുടെ ബാങ്ക് രേഖകള്‍ അടക്കം ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ 20-നായിരുന്നു കേസിന് ആസ്പദമായ സംഭവം. ജോലികള്‍ക്ക് ശേഷം തിരിച്ചെത്തിച്ച തടവുകാരുടെ പക്കല്‍ നിന്ന് ബീഡി പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ തടവുകാര്‍ തന്നെയാണ് ഉദ്യോഗസ്ഥന് ബീഡി നല്കിയ കാര്യം പറഞ്ഞത്. ഇത് കൂടാതെ സെല്ലുകള്‍ക്ക് അടുത്ത് നിന്നും കിച്ചന് ബ്ലോക്കില്‍ നിന്നും കെട്ടുകണക്കിന് ബീഡിയും പുകയില ഉത്പന്നങ്ങളും കണ്ടുകിട്ടി.
തടവുകാരുടെ ബന്ധുക്കളില്‍ നിന്ന് ഗൂഗിള്‍ പേ മുഖേന പണം വാങ്ങിയാണ് നിരോധിത ലഹരി വസ്തുക്കള്‍ അടക്കം എത്തിച്ച് നല്‍കിയിരുന്നത്. തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ വിയ്യൂര്‍ പോലീസ് കേസെടുത്തതോടെയാണ് അജുമോന് ഒളിവില്‍ പോയത്. പ്രതിയുടെ ജാമ്യാപേക്ഷ തൃശൂര്‍ സെഷന് ജഡ്ജ് തള്ളി. കൂടാതെ ഗൂഗിള്‍ പേ ഇടപാടുകള്‍ സംബന്ധിച്ച് ബാങ്കുകളില്‍ നിന്നുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. തടവുകാരുടെ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളും ലഭ്യമാണ്.


