തിരുവനന്തപുരം: വിദേശമദ്യത്തിന്റെ (എഫ്എംഎഫ്എല്‍) വില 12 ശതമാനം വരെ ഉയരും. ബവ്കോ ലാഭവിഹിതം ഉയര്‍ത്തിയതാണ് വിലവര്‍ദ്ധനയ്ക്ക് കാരണം.കുപ്പിക്ക് 11-12 ശതമാനം വിലവര്‍ധനയാണുണ്ടാകുക. ഒക്ടോബര്‍ മൂന്നിന് പുതിയ വില പ്രാബല്യത്തിലാകും. നിലവില്‍ 1,800 രൂപ മുതലാണ് കേരളത്തില്‍ വിദേശ നിര്‍മ്മിത മദ്യം ലഭ്യമാകുന്നതെങ്കില്‍ ഇനി 2,500 രൂപയില്‍ താഴെയുള്ള ബ്രാൻഡ് ഉണ്ടാകില്ല.
മദ്യകമ്ബനികള്‍ നല്‍കേണ്ട വെയര്‍ഹൗസ് മാര്‍ജിൻ അഞ്ച് ശതമാനത്തില്‍ നിന്നും 14 ശതമാനമായും ഷോപ്പ് മാര്‍ജിൻ 20 ശതമാനമായും ഉയര്‍ത്താനാണ് ബവ്കോയുടെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ വെയര്‍ഹൗസ് മാര്‍ജിൻ 14 ശതമാനമാക്കിയെങ്കിലും ഷോപ്പ് മാര്‍ജിൻ ആറ് ശതമാനം മതിയെന്നാണ് ബവ്കോ ഭരണസമിതി യോഗം തീരുമാനിച്ചത്. ഇന്ത്യൻ നിര്‍മിത വിദേശമദ്യം വില്‍ക്കുമ്ബോള്‍ വെയര്‍ഹൗസ് മാര്‍ജിനായി ഒൻപത് ശതമാനവും ഷോപ്പ് മാര്‍ജിനായി 20 ശതമാനവും ബവ്കോയ്ക്ക് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശനിര്‍മ്മിത വിദേശ മദ്യത്തിന്റെ മാര്‍ജിൻ ഉയര്‍ത്താൻ തീരുമാനിച്ചത്.


