പത്തനംതിട്ട : ആദ്യ വനിത ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞു. പത്തനംതിട്ട ടൗണ്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ആണ് കബറടക്കം നടന്നത്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അതിമോഹനം അര്‍പ്പിച്ചു. നിരവധി ആളുകളാണ് ജസ്റ്റിസ് ഫാത്തിമ ബീവിയെ അവസാനമായി ഒരു നോക്ക് കാണാന്‍ പത്തനംതിട്ടയിലെ വസതിയിലേക്ക് എത്തിയത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോട് ആയിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്.ഇന്ത്യയുടെ ന്യായാധിപ സ്ഥാനങ്ങളില്‍ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആദ്യത്തെ മുസ്ലീം വനിത എന്ന ബഹുമതിയും ഫാത്തിമ ബീവിക്ക് സ്വന്തമാണ്.
ഇന്ത്യന്‍ ന്യായാധിപ ചരിത്രത്തില്‍ അവിസ്മരണീയമായ സ്ഥാനമാണ് ജസ്റ്റിസ് എം ഫാത്തിമ ബീവിയ്ക്കുള്ളത്. സുപ്രിം കോടതിയിലെ ആദ്യത്തെ വനിതാ ന്യായാധിപയായി മാറിയ അവര്‍ തന്റെ പ്രവര്‍ത്തന മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായാണ് അറിയപ്പെടുന്നത്. അഴിമതിയോ സ്വജനപക്ഷപാതമോ കൂടാതെ കര്‍മ്മരംഗങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തിത്വമായാണ് ഫാത്തിമ ബീവിയെ കാലം അടയാളപ്പെടുത്തുന്നത്. 1997- 2001 കാലയളവില്‍ തമിഴ്നാട് ഗവര്‍ണറായും അവര്‍ പ്രവര്‍ത്തിച്ചു.1927 ഏപ്രില്‍ 30നാണ് ഫാത്തിമാ ബീവിയുടെ ജനനം. പത്തനംതിട്ട സര്‍ക്കാര്‍ സ്കൂളിലാണ് പ്രാഥമിക പഠനം. കാതോലിക്കേറ്റ് സ്കൂളില്‍ നിന്ന് ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് തിരുവനന്തപുരം ലോ കോളജില്‍ നിന്നാണ് നിയമബിരുദം നേടിയത്.1950 നവംബര്‍ 14ന് അഭിഭാഷകയായി കൊല്ലം ജില്ലാ കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. എട്ടു വര്‍ഷത്തിനുശേഷം പൊതുപരീക്ഷ ജയിച്ച് മുന്‍സിഫായി. 1972ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടും 74ല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുമായി. 1983 ഓഗസ്റ്റില്‍ ഹൈക്കോടതി ജഡ്ജിയുമായി. 1989 ഒക്ടോബറില്‍ സുപ്രീം കോടതി ജഡ്ജിയായി. 1992 ഏപ്രില്‍ 29 വിരമിച്ചു. പിന്നീട് 1997 ജനുവരി 25നു തമിഴ്നാട് ഗവര്‍ണറായി ചുമതലയേറ്റു.


