മലപ്പുറം: പോക്സോ കേസ് പൊലീസ് ഒത്തുതീര്‍പ്പാക്കിയെന്ന പരാതിയുമായി ഇരയാക്കപ്പെട്ട നാലരവയസുകാരിയുടെ അമ്മ. പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി പറഞ്ഞിട്ടും കേസെടുക്കാതെ വിഷയം ഒതുക്കിയെന്നാണ് മാതാവിന്റെ പരാതി. അയല്‍വാസിയായ യുവാവാണ് കുഞ്ഞിനെയും മാതാവിനേയും ഉപദ്രവിച്ചത്.
മാതാവ് പണം വാങ്ങി കേസ് ഒതുക്കി തീർത്തുയെന്ന് പൊലീസ് തന്നെ പ്രചരിപ്പിച്ചുവെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. യുവാവ് മോശമായി സംസാരിച്ചതും കുട്ടിയെ ഉപദ്രവിച്ചതും പൊലീസുകാരോട് നേരിട്ടെത്തി പറഞ്ഞിരുന്നു. എന്നാല്‍ കേസെടുക്കാതെ പരാതി ഇല്ലയെന്ന് തന്നെ കൊണ്ട് എഴുതിച്ച് വിടുകയായിരുന്നുവെന്നാണ് മാതാവ് പറയുന്നത്.
ഒരു ലക്ഷം രൂപ വാങ്ങി കേസ് ഒത്തു തീര്‍പ്പാക്കിയെന്ന് പ്രചരിപ്പിച്ച പൊലീസുകാരനെതിരെ മാതാവ് എസ് പിക്ക് പരാതി നല്കി. അതേസമയം, കുട്ടിയെ പീഡിപ്പിച്ച കാര്യം പരാതിക്കാരി പറഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. മാതാവിനെ ഉപദ്രവിച്ച കാര്യം മാത്രമേ പരാതിയിലുള്ളൂവെന്നും പൊലീസുകാര്‍ പറയുന്നു.


