കോട്ടയം: അയര്‍ക്കുന്നത്ത് നായയെ കാറിന് പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കാര്‍ ഓടിച്ചിരുന്ന ളാക്കാട്ടൂര്‍ സ്വദേശി ജെഹു തോമസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നായയെ കാറിന് പിന്നില്‍ കെട്ടിയിരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് ഇയാളുടെ മൊഴി. എന്നാൽ നായയെ സൂക്ഷിച്ചിരുന്ന കൂട് തകര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് വീട്ടുകാരില്‍ ആരോ കാറിന് പിന്നില്‍ നായയെ കെട്ടിയിടുകയായിരുന്നു. വാക്സിനേഷന് പോകുന്ന ആവശ്യത്തിന് വേണ്ടി രാവിലെ പണമെടുക്കാന്‍ താന്‍ എ.ടി.എമ്മില്‍ പോവുകയായിരുന്നു. എന്നാല്‍, നായയെ വാഹനത്തിന് പിന്നില്‍ കെട്ടിയ വിവരം അറിഞ്ഞിരുന്നില്ല. എ.ടി.എമ്മിന് മുന്നില്‍വെച്ച് നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞതെന്നുമാണ് യുവാവിൻ്റെ വിശദീകരണം.
ഞായറാഴ്ച പുലര്‍ച്ച ആറരയോടെയാണ് അയര്‍ക്കുന്നം -ളാക്കാട്ടൂര്‍ റോഡിൽ സംഭവം നടന്നത്. നായയെ കെട്ടിവലിച്ച നിലയില്‍ വാഹനം കടന്നു പോകുന്നത് കണ്ട നാട്ടുകാര്‍ പൊതുപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി കാമറ ദൃശ്യങ്ങളും പുറത്തുവന്നു. തുടര്‍ന്ന് അയര്‍ക്കുന്നം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ വിശദ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.


