കോട്ടയം: കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടുവാക്കുളം കൊച്ചുപറമ്പില്‍ നിസാര്‍ ഖാന് (33), നസീര്‍ ഖാന് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മാതാവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.
നാട്ടകത്തിനു സമീപത്തു താമസിച്ചിരുന്ന ഇവര്‍ മൂന്നു വര്‍ഷം മുൻണ് ഇവിടെ താമസത്തിനെത്തിയത്. അമ്മ രാവിലെ കാപ്പിയുമായി ഒരു മകന്റെ മുറിയില്‍ ചെന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. ഇതോടെ അമ്മ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടികൂടി അടുത്ത മുറിയില്‍ നോക്കിയപ്പോഴാണ് രണ്ടാമത്തെയാളെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ക്രെയിന്‍ സര്‍വീസ് സ്ഥാപനം നടത്തിയിരുന്നവരാണ് ഇരുവരും. സാമ്പത്തിക പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാങ്കില്‍ നിന്ന് ജപ്തി ഭീഷണി ഉണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. അടുത്ത കാലത്തു കൂലിപ്പണിയും മറ്റുമായി ജീവിക്കുകയായിരുന്നു. എന്നാല്‍, രണ്ടാഴ്ചയായി ഇവര്‍ അധികം വീടിനു പുറത്തേക്ക് ഇറങ്ങാറില്ലായിരുന്നു.
പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇരുവരും അവിവാഹിതരാണ്. രണ്ടു യുവാക്കളുടെ അപ്രതീക്ഷിത മരണം നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.


