മൂവാറ്റുപുഴ: പ്രളയ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂവാറ്റുപുഴയില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. മൂവാറ്റുപുഴ നഗരത്തിലെ താഴ്ന്ന പ്രദേശമായ ഇലാഹിയ കോളനിയിലാണ് കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികള്‍ സംയുക്തമായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മോക്ക് ഡ്രില്ല് നടത്തിയത്.
മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ കോളനിയിലൂടെ പോകുന്ന തോട്ടിലൂടെ വെള്ളം ഇരച്ചെത്തുന്നത് സ്ഥിരം സംഭവമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിനും പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബോധവല്‍ക്കരണം നടത്തുന്നതിനുമാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.
ഡ്രില്ലിന്റെ ഭാഗമായി പ്രളയ മുന്നറിയിപ്പ് ലഭിച്ചതോടെ താലൂക്ക്തല ഇന്‍സിഡന്റ് റെസ്പോണ്ട്സ് സിസ്റ്റം പ്രവര്‍ത്തനം ആരംഭിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മൂവാറ്റുപുഴ താലൂക്ക് ഓഫീസില്‍ കണ്ട്രോള് റൂം സജ്ജമാക്കുകയും ചെയ്തു. തുടര്‍ന്ന് അഗ്നി രക്ഷാ സേനയുട സഹായത്തോടെ പ്രദേശത്ത് കുടുങ്ങിക്കിടന്നവരെ മൂവാറ്റുപുഴ വിമലഗിരി ഇന്റര്‍നാഷണല്‍ സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 28 കുടുംബങ്ങളിലെ 42 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. ഇതില്‍ ആറ് പേരെ ഏണി, കയര്‍, കസേര, സ്ട്രച്ചര്‍ എന്നിവയുടെ സഹായത്തോടെയാണ് പുറത്തെത്തിച്ചത്. ആവശ്യമായ വൈദ്യ സഹായവും ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ക്യാമ്പില്‍ സജ്ജമാക്കിയിരുന്നു.
കൊച്ചി നേവല്‍ ബേസിലെ മാസ്റ്റര്‍ ചീഫ് ആര്‍ട്ടിഫൈസര്‍ ഉത്തംകുമാര്‍ റോയ് മോക്ക് സ്ഥിതിഗതികള്‍ വിലയിരുത്തി. ഡെപ്യൂട്ടി കളക്ടര്‍ ജെസി ജോണ്‍, മൂവാറ്റുപുഴ താലൂക്ക് തഹസില്‍ദാര്‍ കെ.എസ് സതീഷന്, ഭൂരേഖ വിഭാഗം തഹസില്‍ദാര്‍ അസ്മ ബീവി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ രാജേഷ് ബി നായര്‍, അഗ്നി രക്ഷാസേന സ്റ്റേഷന് ഓഫീസര്‍ ആര്. രാജേഷ് കുമാര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എസ് ശ്രീജിത്ത്, പൊലീസ് ഇന്‍സ്പെക്ടര്‍ കെ.എന്‍ രാജേഷ്, മൂവാറ്റുപുഴ ബി.ഡി.ഒ സി.വൈ ഹൈനസ്, ജോയിന്റ് ബി.ഡി.ഒ കെ. ജെയ്മോന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഒ.എസ് ജയകുമാര്‍, സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്ഡന് നിഥിന് എസ്. നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
മോക്ഡ്രില്‍: പിഴവുകളില്ലാതെ പൂര്‍ത്തിയാക്കി പറവൂര്‍ താലൂക്ക്:
പറവൂര്‍: കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി ജില്ലയില്‍ നടപ്പിലാക്കുന്ന പ്രളയ ദുരന്ത മോക്ക് ഡ്രില്‍ പറവൂര്‍ താലൂക്കില്‍ പിഴവുകളില്ലാതെയും കാര്യക്ഷമമായും പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ നേവി എം.സി.പി. ഒ (മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍ -സി.ഡി ) ആയ ഒബ്സര്‍വര്‍ ഡി.എസ് ചഹാന്‍ പറഞ്ഞു. പറവൂര്‍ താലൂക്ക് ഓഫീസില്‍ സജ്ജമാക്കിയ കണ്ട്രോള് റൂം സന്ദര്‍ശിച്ച് മോക്ഡ്രില്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടുങ്ങല്ലൂര്‍ സതേണ്‍ മിനറല്‍ ആന്റ് കെമിക്കല്‍ കമ്പനിയില്‍ പ്രളയത്തെ തുടര്‍ന്ന് ഉണ്ടായ വെളളപ്പൊക്കം മൂലം ജീവനക്കാര്‍ കുടുങ്ങിപ്പോകുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടവരെ പ്രാഥമിക ശുശ്രൂഷ നല്കി ആശുപത്രികളില്‍ എത്തിക്കുകയുമാണ് മോക്ഡ്രില്ലിലൂടെ ആവിഷ്ക്കരിച്ചത്. കമ്പനിയുടെ അകത്തും നദിയുടെ സമീപ പ്രദേശത്ത് താമസിക്കുന്നവരേയും ക്യാമ്പുകളില്‍ എത്തിച്ച് സുരക്ഷിതരാക്കി. ആംബുലന്‍സുകളും, അഗ്നി രക്ഷാ വാഹനങ്ങളും, മറ്റു വാഹനങ്ങളും ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
റെസ്പോണ്സിബിള് ഓഫീസറായി ഡെപ്യൂട്ടി കളക്ടറും ഫോര്‍ട്ട് കൊച്ചി ആര്.ഡി.ഒ ഇന്‍ ചാര്‍ജുമായ പത്മ ചന്ദ്ര കുറുപ്പിന്റെ നേതൃത്വത്തിലാണ് പറവൂര്‍ താലൂക്കില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിച്ചത്. അസിസ്റ്റന്റ് റെസ്പോണ്സിബിള് ഓഫീസറായി ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എം ജലീല്‍ ,ഇന്‍സിഡന്റ് കമാന്‍ഡ് ഓഫീസറായി തഹസില്‍ദാര്‍ കെ.എന്‍ അംബിക, അസിസ്റ്റന്റ് ഇന്‍സിഡെന്റ് കമാന്‍ഡ് ഓഫിസറായി പറവൂര്‍ ബി.ഡി.ഒ പി.വി പ്രതീക്ഷ എന്നിവരും ചുമതലയില്‍ ഉണ്ടായിരുന്നു. പറവൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ (ഹെഡ് ക്വാര്‍ട്ടേഴ്സ് ) കെ.എ റസിയ , എല്‍.ആര് തഹസില്‍ദാര്‍ പി. പ്രിയ, ദുരന്ത നിവാരണം ജൂനിയര്‍ സൂപ്രണ്ട് ഉമ മേനോന്, ബിനാനിപുരം സിവില്‍ പോലീസ് ഓഫീസര്‍ സിന്റോ ജോയി, ആരോഗ്യ പ്രവര്‍ത്തകര്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആലുവ താലൂക്കില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചു:
ആലുവ: പ്രളയ ദുരന്തങ്ങളുണ്ടായാല്‍ അടിയന്തരമായി സ്വീകരിക്കേണ്ട മുന്‍ കരുതലുകളെയും പ്രവര്‍ത്തനരീതികളെയും വിലയിരുത്തുന്നതിനായി ആലുവ താലൂക്കില്‍ മോക്ഡ്രില്‍ നടന്നു. പെരിയാറില്‍ വെള്ളം നിറയുന്ന സാഹചര്യത്തില്‍ ഒറ്റപ്പെടുന്ന ആലുവ തുരുത്തിലാണ് മോക്ക്ഡ്രില്‍ സംഘടിപ്പിച്ചത്. മോക്ക് ഡ്രില്ലിന് തുടക്കം കുറിച്ചുകൊണ്ട് ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററില്‍ നിന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു എന്നും, പ്രളയ മുന്നറിയിപ്പായി കണ്ട് ആളുകളെ ഒഴിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അറിയിപ്പ് വന്നു. തുടര്‍ന്ന് താലൂക്ക് തല ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം (ഐ.ആര് എസ്) ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഇന്‍സിഡന്റ് കമാന്‍ഡര്‍ കൂടിയായ തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ, പോലീസ്, ഫയര്‍ ഫോഴ്സ് മോട്ടോര്‍ വെഹിക്കിള്‍, പഞ്ചായത്ത്, ബ്ലോക്ക് ഓഫീസ്, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ ഒന്നുചേര്‍ന്ന് പ്രവര്‍ത്തിച്ചു.
ഒഴിപ്പിക്കലിനോടനുബന്ധിച്ച് വില്ലേജ് ഓഫീസിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കീഴ്മാട് ക്രൈസ്തവ മഹിളാലയം പബ്ലിക് സ്കൂളില്‍ ക്യാമ്പ് തുറന്നിരുന്നു. 58 കുടുംബങ്ങളിലായി കിടപ്പുരോഗികള്‍ അടക്കമുള്ള 237 ആളുകളെ ഒഴിപ്പിച്ച് ക്യാമ്പില്‍ പ്രവേശിപ്പിച്ചു. 92 സ്ത്രീകള്‍, 84 പുരുഷന്മാര്, 61 കുട്ടികള്‍ എന്നിവരെ ക്യാമ്പിലേക്ക് മാറ്റി. രണ്ട് കിടപ്പുരോഗികളും, മൂന്ന് കോവിഡ് ലക്ഷണം ഉള്ളവരും ഒഴിപ്പിച്ചവരില്‍ ഉണ്ടായിരുന്നു. കിടപ്പു രോഗികളെ ആംബുലന്‍സ് ഒരുക്കിയാണ് ക്യാമ്പിലേക്ക് മാറ്റിയത്. ഓരോ വിഭാഗങ്ങള്‍ക്കും ആവശ്യമായ സജ്ജീകരണങ്ങളും ക്യാമ്പില്‍ ഒരുക്കിയിരുന്നു.15 അംഗ മെഡിക്കല്‍ ടീം വൈദ്യ സഹായങ്ങള്‍ക്ക് നേതൃത്വം നല്കി. ഇരുപത്തിയഞ്ചോളം ബെഡ്ഡുകള്‍, ഓക്സിജന്‍ സംവിധാനം, വീല്‍ചെയര്‍, കുടിവെള്ളം ഭക്ഷണസൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിരുന്നു.
ആലുവ താലൂക്ക് തഹസില്‍ദാര്‍ സുനില്‍ മാത്യു, ഭൂരേഖ തഹസില്‍ദാര്‍ ടോമി സെബാസ്റ്റ്യന്‍, വാഴക്കുളം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ കെ. വി സതി, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന് എ. എസ്. ഐ കെ.എസ് ശ്രീകുമാര്‍, ജോയിന്റ് ആര്. ടി. ഒ. ബി. ഷെഫീക്ക്, അഗ്നിരക്ഷാ സേന സ്റ്റേഷന് ഓഫീസര്‍ ജോസ് ജെയിംസ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥന് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
കുന്നത്തുനാട് താലൂക്കില്‍ പ്രളയ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു:
കുന്നത്തുനാട്: കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി കുന്നത്തുനാട് താലൂക്കിലെ ചേലാമറ്റത്ത് പ്രളയ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു.
ഒക്കല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന ചേലാമറ്റം ക്ഷേത്രക്കടവിലാണ് മോക്ക് ഡ്രില്‍ നടത്തിയത്.
അതിതീവ്ര മഴ മൂലം പെരിയാറില്‍ ജലനിരപ്പ് ഉയരുകയും ചേലാമറ്റത്തെ 40 കുടുംബങ്ങള്‍ ഒറ്റപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദുരന്തത്തെ എങ്ങനെ നേരിടും എന്നതിനെ അടിസ്ഥാനമാക്കിയാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.
ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതും വെള്ളത്തില്‍ വീണ ആളുകളെ രക്ഷപ്പെടുത്തുന്നതും വൈദ്യസഹായം നല്‍കുന്നതും മോക്ക് ഡ്രില്ലിന്റെ ഭാഗമായി ആവിഷ്ക്കരിച്ചു.
കുന്നത്തുനാട് താലൂക്ക് തഹസില്‍ദാര്‍ ജോര്‍ജ് ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന മോക്ക് ഡ്രില്ലില്‍, അഗ്നിരക്ഷാ സേന, പൊലീസ്, ആരോഗ്യം, മോട്ടോര്‍വാഹനം, ജലസേചനം, തദ്ദേശസ്വയംഭണം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ വിവിധ വകുപ്പുകള്‍ പങ്കാളികളായി.

