പെരുമ്പാവൂര്‍ : നിര്‍ദ്ദിഷ്ഠ പെരുമ്പാവൂര്‍ ബൈപ്പാസിന്റെ ആലുവ മൂന്നാര്‍ റോഡ് മുതല്‍ പഴയ മൂവാറ്റുപുഴ റോഡ് വരെയുള്ള ആദ്യ ഘട്ട പദ്ധതിയുടെ സാമൂഹികാഘാത പഠനവും പബ്ലിക്ക് ഹിയറിംഗും പൂര്‍ത്തിയാക്കിയതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. പദ്ധതി കടന്നു പോകുന്ന പ്രദേശത്തെ കുടുംബങ്ങളില്‍ നേരിട്ട് എത്തിയാണ് സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോതമംഗലം ആസ്ഥാനമായിട്ടുള്ള യൂത്ത് സോഷ്യല്‍ സര്‍വ്വീസ് ഓര്‍ഗനൈസേഷനാണ് സാമൂഹികാഘാത പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പെരുമ്പാവൂര്‍ വില്ലേജിലെ അറുപത്തിരണ്ട് വസ്തു ഉടമകളില്‍ നിന്ന് 106, 112, 113, 117 ബ്ലോക്കുകളില്‍പ്പെട്ട 2.69 ഹെക്ടര്‍ സ്ഥലം ആദ്യ ഘട്ടത്തിനായി ഏറ്റെടുക്കും. രണ്ട് മാസത്തിനുള്ളില്‍ തന്നെ പഠനം പൂര്‍ത്തീകരിച്ചു.
തുടര്‍ന്ന് പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതിന് ശേഷം വിദഗ്ധ സമിതി പരിശോധിച്ചു അംഗീകരിച്ചു കഴിഞ്ഞാല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11 ( 1 ) വിജ്ഞാപനം പ്രസിദ്ധികരിക്കും. തുടര്‍ന്ന് ഭൂമിയുടെ വില നിശ്ചയിച്ചു ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു. സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കും. ഏറ്റവും വേഗത്തില്‍ തന്നെ പെരുമ്പാവൂരിന്റെ സ്വപ്നപദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനാണ് പരിശ്രമിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
കുന്നത്തുനാട് താലൂക്ക് സമ്മേളന ഹാളില്‍ ഇന്നലെ നടന്ന പബ്ലിക്ക് ഹിയറിംഗില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടൗണ്‍ ബൈപ്പാസിനായി സ്ഥലം വിട്ടു നല്‍കേണ്ട ഭുവുടമകള്‍ യോഗത്തില്‍ സംബന്ധിച്ചു. പങ്കെടുത്തവരില്‍ 94 ശതമാനം ഉടമകളും നിലവിലുള്ള നിയമാനുസൃത നഷ്ടപരിഹാരം നല്കിയാല് പദ്ധതിക്കായി ഭൂമി വിട്ടു നല്കുവാന് സന്നദ്ധരാണെന്ന് അറിയിച്ചു. പദ്ധതി എത്രയും വേഗത്തില്‍ പൂര്‍ത്തികരിക്കണമെന്നും അവര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് അഡി. ജനറല്‍ മാനേജര്‍ കെ.എഫ് ലിസി, കേരള ഡെപ്യൂട്ടി കളക്ടര്‍ പി. രാജന്, ഭൂമി ഏറ്റെടുക്കല്‍ തഹസില്‍ദാര്‍ ലിറ്റി ജോസഫ്, സാമൂഹികാഘാത പഠനം നടത്തിയ യൂത്ത് സോഷ്യല്‍ സര്‍വ്വീസ് ഓര്ഗനൈസേഷന് ഡയറക്ടര്‍ ഫാ. ജോസ് പറത്തുവയലില്‍, കുന്നത്തുനാട് തഹസില്‍ദാര്‍ വിനോദ് രാജ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പെരുമ്പാവൂര്‍ ബൈപാസിന്റെ 133.24 കോടി രൂപയുടെ ആദ്യ ഘട്ട പദ്ധതിക്കാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് ( കിഫ്ബി ) ന്റെ അനുമതി ലഭ്യമായിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിനും നിര്‍മ്മാണത്തിനുമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍, വെങ്ങോല, മാറംപ്പിള്ളി വില്ലേജുകളില്‍ ഉള്‍പ്പെട്ട സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഏകദേശം നാല് കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ 25 മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. രണ്ട് വരി പാതയായി നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ആലുവ – മൂന്നാര്‍ റോഡില്‍ മരുത് കവലയില്‍ നിന്ന് തുടങ്ങി എം.സി റോഡ്, പി.പി റോഡ് എന്നിവ കടന്ന് പാലക്കാട്ട് താഴത്ത് അവസാനിക്കുന്ന വിധത്തിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പെരുമ്പാവൂര്‍ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ഈ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയത് കിറ്റ്കോയാണ്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന് കേരളയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.


