കൊച്ചി: സാമ്പത്തിക ഇടപാടിൻ്റെ പേരില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ വിളിച്ചു വരുത്തി അടിച്ചുകൊന്നു. സംഭവത്തില്‍ പൊലീസുകാരനുള്‍പ്പടെ രണ്ട് പേര് പിടിയില്‍. കുന്നുംപുറം സ്വദേശി കൃഷ്ണകുമാറിനെയാണ് തിങ്കളാഴ്ച വൈകിട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികളായ എ.ആര് ക്യാമ്പിലെ പൊലീസുകാരന് ബിജോയ്, സുഹൃത്ത് ഫൈസല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസിപി ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
കുന്നുംപുറം പീലിയോടിന് സമീപതിരുന്നു മദ്യപിക്കുകയായിരുന്ന ബിജോയും ഫൈസലും കൂട്ടരും ഇവിടേക്ക് കൃഷ്ണകുമാറിനെ വിളിച്ചുവരുത്തിയ ശേഷം സാമ്പത്തിക ഇടപാടിനെ കുറിച്ച് സംസാരമുണ്ടാകുകയും തുടര്‍ന്ന് പ്രതികള്‍ കമ്പിവടിയെടുത്ത് കൃഷ്ണകുമാറിനെ അടിച്ച് കൊലപ്പെടുതുകയായിരുന്നു.
കൃഷ്ണകുമാറിൻ്റെ കരച്ചില് കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. പൊലീസ് എത്തുമ്പോഴേക്കും കൃഷ്ണകുമാര്‍ മരിച്ചിരുന്നു. ബിജോയെയും ഫൈസലിനെയും കൂടാതെ മറ്റ് രണ്ട്പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടോ എന്നത് പരിശോധിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.


