കൊച്ചി: കേരളത്തിലെ 30 ശതമാനം ആളുകള്‍ മാത്രമാണ് വാട്ടര്‍ അതോറിറ്റി നല്കുന്ന സുരക്ഷിതമായ കുടിവെള്ളം ഉപയോഗിക്കുന്നത്. ബാക്കിയുള്ള 70 ശതമാനം ആളുകള്‍ കുടിവെള്ള വിതരണ ശൃംഖലയുടെ പുറത്താണ്. ഘട്ടംഘട്ടമായി കുടിവെള്ളം ലഭ്യമാകുന്നവരുടെ തോത് വര്‍ദ്ധിപ്പിച്ചു വരണം. അതിനായി വാട്ടര്‍ അതോറിറ്റിയുടെ വിതരണ ശൃംഖല വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. കിഫ്ബിയുടെ ധനസഹായത്തോടെ നടപ്പിലാക്കുന്ന വരാപ്പുഴ പഞ്ചായത്തിലെ ശുദ്ധജല വിതരണ ശൃംഖലയുടെ പുനരുദ്ധാരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ കുടിവെള്ള മേഖലയില്‍ കിഫ്ബി പദ്ധതി പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കില്‍ വാട്ടര്‍ അതോറിറ്റി എന്ന സ്ഥാപനത്തിന് പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ സാധിക്കില്ലായിരുന്നു. കിഫ്ബിയുടെ ധനസഹായത്തോടെ 35 പദ്ധതികള്‍ 55 പാക്കേജുകളായാണ് നടപ്പാക്കുന്നത്. വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ അധ്വാനത്തില്‍ ഇതില്‍ 33 പദ്ധതികളുടെയും നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞു.
എറണാകുളം ജില്ലയില്‍ത്തന്നെ കിഫ്ബിയുടെ സഹായത്തോടെ നിരവധി പദ്ധതികള്‍ ഏറ്റെടുക്കാനായി. അതിലൂടെയാണ് ഈ വിതരണ ശൃംഖല 16.5 കോടി രൂപ മുടക്കി തുടക്കമിടുന്നത്. എല്ലാ നടപടികളിലും വ്യക്തത വരുത്തിയതിനു ശേഷം മാത്രമേ കിഫ്ബി ഭരണാനുമതി നല്‍കൂ. എല്ലാ നടപടിക്രമങ്ങള്‍ക്കും ശേഷം നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ മാത്രമാണ് തറക്കല്ലിടുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 10 യൂണിറ്റ് (ഒരു മാസം പതിനായിരം ലിറ്റര്‍) വരെ സൗജന്യമായാണ് കുടിവെള്ളം നല്‍കുന്നത്. ബിപിഎല്‍ അല്ലാത്ത കുടുംബങ്ങള്‍ക്ക് യൂണിറ്റിന് 4 രൂപ നിരക്കിലാണ് വിതരണം. വില തുച്ഛമാണെന്ന് കരുതി കുടിവെള്ളം ദുരുപയോഗം ചെയ്യരുത്. സൂക്ഷ്മതയോടെ ഉപയോഗിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ശുദ്ധജല വിതരണ ശൃംഖലയുടെ നിര്‍മാണം 12 മാസത്തില്‍ തീര്‍ക്കാനാണ് നിബന്ധന. വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റി പുതിയ രൂപകല്പന പ്രകാരമുള്ള പൈപ്പുകള്‍ സ്ഥാപിച്ച് മണ്ണംതുരുത്തിലെ ഉന്നതതല ജലസംഭരണിയില്‍ നിന്ന് മൂന്ന് മേഖലകളാക്കി തിരിച്ച് ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ 30500 പേര്‍ക്ക് പ്രയോജനം ലഭിക്കും. പഞ്ചായത്തിലെ നിലവിലെ ശുദ്ധജല വിതരണ ശൃംഖല 30 വര്‍ഷത്തോളം പഴക്കമുള്ളതാണ്. പെരിയാറാണ് പദ്ധതിയുടെ സ്രോതസ്സ്. നദീതീരത്ത് ഏലൂക്കരയില്‍ സ്ഥാപിച്ച ഇന്‍ടേക്ക് കിണറില്‍ നിന്ന് മുപ്പത്തടം ജലശുദ്ധീകരണ ശാലയിലേക്ക് പമ്പ് ചെയ്ത് പുഴവെള്ളം എത്തിക്കുന്നു. ഇത് ശുദ്ധീകരിച്ച് മണ്ണംതുരുത്തിലെ ഉന്നതതല ജലസംഭരണിയിലേക്ക് പമ്പ് ചെയ്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി സ്ഥാപിച്ചിട്ടുള്ള വിതരണ ശൃംഖല വഴി വിതരണം നടത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വഹന ശേഷി കുറഞ്ഞതും പഴക്കം ചെന്നതുമായ പൈപ്പുകളില്‍ നിരന്തരമുണ്ടാകുന്ന ചോര്‍ച്ചകള്‍ മൂലം പഞ്ചായത്തിലെ പല വാര്‍ഡുകളിലും ശുദ്ധജല വിതരണം കാര്യക്ഷമമല്ല. ഇതിനു പരിഹാരമായി വരാപ്പുഴ ശുദ്ധജല വിതരണ പദ്ധതിയുടെ വിതരണ ശൃംഖലയുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി 2017ല്‍ 1650 ലക്ഷം രൂപയുടെ സാങ്കേതിക നിര്‍ദ്ദേശവും അടങ്കലും ഉള്‍ക്കൊള്ളുന്ന പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അതിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിക്കുകയും ചെയ്തു. പുതിയ രൂപകല്പനയ്ക്ക് അനുസൃതമായ ജലലഭ്യത ഉറപ്പാക്കാനായി മുപ്പത്തടം ജലശുദ്ധീകരണ ശാലയില്‍ ആവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ പദ്ധതി 1494 ലക്ഷം രൂപയുടെ കരാര്‍ പാക്കേജായാണ് നടപ്പാക്കുന്നത്. ടി.ബി.എം.എല്‍ പ്രോജക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
വി.ഡി സതീശന് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി തോമസ് എംപി മുഖ്യപ്രഭാഷണം നടത്തി.


