പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ ടൗണ്‍ ബൈപ്പാസിന്റെ ജോയിന്റ് വെരിഫിക്കേഷന് നടപടികള്‍ തുടങ്ങിയതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ബൈപ്പാസിനായി ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടി ആയിട്ടാണ് ബൈപ്പാസിന്റെ സ്ഥലമെടുപ്പ് തഹസില്‍ദാര്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന ആരംഭിച്ചത്. ഒരാഴ്ച കൊണ്ട് പരിശോധന പൂര്‍ത്തിയാകും.
ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍ നിശ്ചയിക്കുന്നതിന് അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തികരിച്ചു. 3.800 കിലോമീറ്റര്‍ ദൂരത്തില്‍ ചെറുതും വലുതുമായി 189 കല്ലുകളാണ് സ്ഥാപിച്ചത്. പെരുമ്പാവൂര്‍, വെങ്ങോല, മാറംപ്പിള്ളി വില്ലേജുകളില്‍ ഉള്‍പ്പെട്ട സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. 3.800 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ 25 മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. രണ്ട് വരി പാതയായി നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിനാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി ലക്ഷ്യമിടുന്നത്.
133.24 കോടി രൂപയുടെ ആദ്യ ഘട്ട പദ്ധതിക്കാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് ( കിഫ്ബി ) ന്റെ അനുമതി ലഭ്യമായിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിനും നിര്‍മ്മാണത്തിനുമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. ആലുവ – മൂന്നാര്‍ റോഡില്‍ പാലക്കാട്ട് താഴത്ത് നിന്ന് തുടങ്ങി പി.പി റോഡ്, എം.സി റോഡ് എന്നിവ കടന്ന് മരുത് കവലയില്‍ അവസാനിക്കുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകല്‍പ്പന. പെരുമ്പാവൂര്‍ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത പദ്ധതിയാണ് ഇത്. കിറ്റ്കോ ആണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന് കേരളയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.


