മൂവാറ്റുപുഴ: പന്തക്കോട്ട് ചിറ – മൂങ്ങാച്ചാല്‍ ഹരിജന്‍ കോളനി റോഡ് നിര്‍മ്മാണം പൂര്‍ത്തികരിച്ച് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. മുക്കാല്‍ കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ച 16 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. ടാറിംഗ് ഉള്‍പ്പടെയുള്ള എല്ലാ ജോലികലും പൂര്‍ത്തികരിച്ച ശേഷമാണ് സഞ്ചാരത്തിനായി തുറന്ന് നല്‍കിയത്. തൃക്കളത്തൂര്‍ – മാനാറി റോഡിലെ പന്തക്കോട്ടുചിറയുടെ സമീപത്തുനിന്ന് ആരംഭിക്കുന്ന റോഡ് നെല്ലിക്കുഴി – പായിപ്ര റോഡിലേക്ക് എത്തിചേരുന്ന ഏനാലിക്കുന്ന് – മൂങ്ങാച്ചാല്‍ റോഡിലേക്കാണ് ചെന്നു ചേരുന്നത്. ഇതോടെ കോളനി നിവാസികള്‍ക്ക് തൃക്കളത്തൂര്‍, കീഴില്ലം, പെരുമ്പാവൂര്‍ മൂവാറ്റുപുഴ, കോതംഗലം ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ പോകുന്നതിനുള്ള യാത്ര സൗകര്യമായി.
ഇടുങ്ങി തൊണ്ടായിട്ടാണ് കോളനിയിലേക്കുള്ള വഴികിടന്നിരുന്നത്. കോളനി നിവാസികളുടേയും ജനപ്രതിനിധികളുടേയും ശ്രമഫലമായി ആറ് മീറ്റര്‍ വീതിയില്‍ റോഡ് വെട്ടുകയായിരുന്നു. തുടര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും റോഡ് നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചത്. ഇതോടെ വര്‍ഷങ്ങളായി കോളനി നിവാസികള്‍ ആഗ്രഹിച്ചിരുന്ന റോഡ് യാഥാര്‍ത്ഥ്യമാകുകയായിരുന്നു . നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്മിത സിജു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അശ്വതി ശ്രീജിത് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം പായിപ്ര ലോക്കല്‍ സെക്രട്ടറി ആര്. സുകുമാരന്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പര്‍ പി.എസ്. ഗോപകുമാര്‍, പായിപ്ര സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ പി.എ. ബിജു എന്നിവര്‍ സംസാരിച്ചു.

