എറണാകുളം: പുതുവര്‍ഷ ദിനത്തില്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ മുളന്തുരുത്തി ഗവണ്മെന്റ് ഹൈസ്ക്കൂളും ഹയര്‍ സെക്കണ്ടറി സ്കൂളും സജ്ജമായി. കോവിഡ് മഹാമാരി സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്ക് ശേഷം അധ്യയനം ആരംഭിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് സ്കൂള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുമാണ് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വെള്ളിയാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.
പകുതി കുട്ടികളെവീതം പങ്കെടുപ്പിച്ച് ദിവസം രണ്ട് ബാച്ചുകളായാണ് ക്ലാസുകള്‍ നടത്തുന്നത്. പരമാവധി മൂന്ന് മണിക്കൂറാണ് ഒരു ദിവസം വിദ്യാര്‍ത്ഥി വിദ്യാലയത്തില്‍ ചെലവഴിക്കാവൂ. കുടിവെള്ളം കൊണ്ടുവരാമെങ്കിലും മറ്റുള്ളവരുമായി പങ്കുവെക്കരുത്. ഭക്ഷണം കൊണ്ടുവരാന്‍ അനുവാദമില്ല. ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 9.30 മുതല്‍ 12.30 വരെയാണ് സമയം. അടുത്ത ബാച്ച് ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് നാല് മണിവരെയും.
ഡിസംബര്‍ 17 മുതല്‍ അധ്യയനം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഹൈസ്ക്കൂള് പ്രിന്‍സിപ്പാള്‍ പ്രീതി കെ.കെ പറഞ്ഞു. അന്നുമുതല്‍ പകുതി അധ്യാപകര്‍ വീതം സ്കൂളുകളില്‍ എത്തി തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. പരീക്ഷകള്‍ക്കായുള്ള റിവിഷനും വിദ്യാര്‍ത്ഥികള്‍ക്ക് സംശയമുള്ള പാഠഭാഗങ്ങള്‍ വിശകലനം ചെയ്യുന്നതിനുമാണ് മുന്‍ഗണന. ശാരീരിക അകലം പാലിക്കുന്നതിനായി ഒരു വിദ്യാര്‍ത്ഥിക്ക് ഒരു ഡെസ്ക്ക് വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ് മുറികള്‍ അണുവിമുക്തമാക്കി. അസ്വസ്ഥത അനുഭവപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിശ്രമിക്കുന്നതിനായി രണ്ട് മുറികളും സജ്ജമാക്കിയിട്ടുണ്ട്. ശരീര ഊഷ്മാവ് പരിശോധിച്ച ശേഷമാണ് വിദ്യാര്‍ത്ഥികളെ വിദ്യാലയത്തില്‍ പ്രവേശിപ്പിക്കുന്നത്.
കുട്ടികളിലെ മാനസിക പിരിമുറുക്കവും ആകുലതകളും ഒഴിവാക്കുന്നതിനായി സ്കൂള്‍ കൗണ്‍സിലര്‍മാര്‍ പ്രത്യേക ക്ലാസുകള്‍ നല്‍കും. ഫെയ്സ് ഷീല്‍ഡും മാസ്കും ധരിച്ചാണ് അധ്യാപകര്‍ ക്ലാസുകള്‍ എടുക്കുന്നത്. അഗ്നിശമന സേനയുടെ സഹാത്തോടെയാണ് ക്ലാസ് മുറികള്‍ അണുവിമുക്തമാക്കിയത്. വിദ്യാലയങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ പൊതു ആരോഗ്യ സംവിധാനങ്ങള്‍ എല്ലാവിധ സഹായങ്ങളും പിന്തുണയും ഉറപ്പ് നല്‍കിയതായും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.


