തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കെപിസിസി വൈസ് പ്രസിഡന്റുമായ പത്മജ വേണുഗോപാലിനും മകനും ഇരട്ടവോട്ടുള്ളതായി കണ്ടെത്തല്‍. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറായ പത്മജയ്ക്ക് തൃശൂരിലും വോട്ടുള്ളതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. തൃശൂരിലെ 29-ാം നമ്പര്‍ ബൂത്തായ ഹരിശ്രീ വിദ്യാനിധി സ്കൂളിലെ 29എ പോളിംഗ് സ്റ്റേഷനിലും തൃക്കാക്കരയിലെ പനമ്പിള്ളി നഗര്‍ 106-ാം നമ്പര്‍ ബൂത്തായ ഗവ.എച്ച്എസ്എസിലുമാണ് പത്മജയ്ക്ക് വോട്ടുള്ളത്. മകന് കരുണ്‍ മേനോനും ഇതേ ബൂത്തുകളിലാണ് വോട്ടുള്ളത്.
രണ്ടു സ്ഥലങ്ങളിലെ ഐഡി കാര്‍ഡ് നമ്പറുകളും വ്യത്യസ്തമാണ്. IDZ1713015 ആണ് പത്മജയുടെ തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍ ഐ.ഡി നമ്പര്‍. തൃക്കാക്കരയിലേത് BXD1663863. കരുണിന്റേത് തൃശൂരിലേത് IDZ1735927,, തൃക്കാക്കരയിലേത് BXD1663871. ഇതോടെ പുതിയ വോട്ടറായി തൃശൂരില്‍ പേര് ചേര്‍ക്കുകയാണ് ചെയ്തതെന്ന് വ്യക്തമായിരിക്കുകയാണ്.
നേരത്തെ എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദിനും ഇരട്ട വോട്ടുണ്ടെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടരി എംവി ജയരാജന് പറഞ്ഞിരുന്നു. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ 89-ാം ബൂത്തിലാണ് രണ്ട് വോട്ടും. 89-ാം ബൂത്തിലെ 532-ാം നമ്പര്‍ വോട്ടറായ ഷമ മുഹമ്മദ് വിലാസത്തിനൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് കൊടുത്തിരിക്കുന്നത്. ഇതേ ബൂത്തിലെ 125-ാം നമ്പര്‍ വോട്ടറും ഷമ മുഹമ്മദാണ്. ഇവിടെ വിലാസത്തില്‍ നല്‍കിയിരിക്കുന്നത് ഭര്‍ത്താവ് കെ പി സോയ മുഹമ്മദിന്റെ പേരാണ്. ഇരട്ടവോട്ട് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷമ മുഹമ്മദിനെതിരെ നടപടിയെടുക്കുമോയെന്ന് എം വി ജയരാജന് ചോദിച്ചു. ജില്ലയില്‍ ഇത്തരത്തില്‍ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും വ്യാപകമായി വോട്ടുചേര്‍ത്തതിന്റെ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാലിനും ഇരട്ട വോട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കി. ചെന്നിത്തല പഞ്ചായത്തിലെ 152-ാം ബൂത്തിലെ വോട്ടര്‍ ആയ ദേവകി അമ്മയ്ക്ക് ഹരിപ്പാട് നഗരസഭയിലെ 51-ാം ബൂത്തിലും വോട്ടുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ചെന്നിത്തല പഞ്ചായത്തില്‍നിന്ന് അടുത്തിടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും അമ്മയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും വോട്ട് ഹരിപ്പാട് ക്യാമ്പ് ഓഫീസ് വിലാസത്തിലേക്ക് മാറ്റിയത്. കുടുംബത്തിലെ മറ്റ് എല്ലാവരുടെയും വോട്ടുകള്‍ ചെന്നിത്തല പഞ്ചായത്തില്‍ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കാതെ അവശേഷിക്കുകയായിരുന്നു. ഇതിനായി അപേക്ഷ നല്‍കിയിരുന്നു എന്നും അധികൃതരുടെ വീഴ്ചയാണ് പിഴവിന് പിന്നിലെന്നും അമ്മയുടെ പേര് മാത്രം മാറ്റാത്തതില്‍ ബോധപൂര്‍വമായ ഇടപെടലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്.എസ് ലാലിന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് ഇരട്ട വോട്ട്. വോട്ടര്‍ പട്ടികയില്‍ കണ്ണമ്മൂല സെക്ഷനിലെ 646 ക്രമനമ്പറിലാണ് ലാലിന്റെ ആദ്യ വോട്ട്. ആദ്യ പേര് ഒഴിവാക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതായും ഉദ്യോഗസ്ഥരുടെ പിഴവാണ് കാരണമെന്നും ലാല്‍ പ്രതികരിച്ചു.
ചെന്നിത്തല ഉന്നയിച്ച ഇരട്ട് വോട്ട് ആരോപണം നനഞ്ഞ പടക്കം പോലെയായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പരിഹസിച്ചു. ചെന്നിത്തലയ്ക്കും അമ്മയ്ക്കും രണ്ടിടങ്ങളിലായി വോട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് സിപിഐഎം നേതാവിന്റെ പരിഹാസം. അടിസ്ഥാന രഹിതമായി ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയണമെന്ന് കടകം പള്ളി ആവശ്യപ്പെട്ടു.
ഇരട്ടവോട്ട് ആരോപണത്തില്‍ ചെന്നിത്തലയ്ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ഇത്തരം ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായുള്ള മുന്‍കൂര്‍ ജാമ്യമാണ്. ആരോപണം ഉണ്ടെങ്കില്‍ അത് പരിശോധിക്കണം, ചെന്നിത്തലയുടെ എംഎല്‍എമാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കുമെല്ലാം ഇരട്ട വോട്ടുണ്ടെന്നാണ് മനസിലാവുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.


