മൂവാറ്റുപുഴ: നഗരസഭ നിര്‍മ്മിച്ചു നല്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന് ഡി.പി.ആര്. തയ്യാറാക്കുന്നതിന് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്കി. സമ്പൂര്‍ണ്ണ പാര്‍പ്പിട നഗരം എന്ന ലക്ഷ്യത്തോടെ നഗരസഭ നടത്തി വരുന്ന ഭവന നിര്‍മ്മാണത്തിന്റെ ഭാഗമായാണ് മുറിക്കല്ലില്‍ ഫ്ലാറ്റ് നിര്‍മ്മിക്കുന്നത്. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത 50 കുടുംബങ്ങളെ ആകും ഇവിടെ പുനരധിവസിപ്പിക്കുക. അര ഏക്കറിലധികം വരുന്ന സ്ഥലത്ത് എങ്ങനെ മികച്ച പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കാമെന്ന് വിശദമായ പഠനത്തിനും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും ആണ് നഗരസഭാ ചെയര്മാന് പി.പി. എല്‍ദോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്.
നിലവില്‍ ഈ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന പകല്‍ വീട് നിലനിര്‍ത്തുന്നതിനുള്ള സാധ്യതയും പഠിക്കും. ഫ്ളാറ്റ് സമുച്ചയത്തിന് ഒപ്പം കളിസ്ഥലം, അംഗന്‍വാടി, വായനശാല എന്നിവയും ഉണ്ടാകും. നിര്‍മാണത്തിന് മുന്നോടിയായി ലൈഫ് ഭവന പദ്ധതിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ലൈഫ് മിഷനും നഗരസഭയും സംയുക്തമായി നിര്‍മ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ വിജയത്തിനായി വ്യക്തികളെയും സംഘടനകളെയും സഹകരിപ്പിക്കുമെന്നും ചെയര്മാന് പി.പി. എല്‍ദോസ് വ്യക്തമാക്കി.
ഇതിന് പുറമെ സ്വന്തമായി സ്ഥലമുള്ള 75 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള തുക നഗരസഭ ലഭ്യമാക്കി. ഇവയുടെ നിര്‍മ്മാണം പുരോഗമിച്ചുവരുന്നു. ഒപ്പം സ്വന്തമായി സ്ഥലമില്ലാത്ത 50 പേര്‍ക്ക് ഭൂമി വാങ്ങുന്നതിന് രണ്ടരലക്ഷം രൂപ വീതം നല്‍കും. ഇതിനുള്ള നടപടിക്രമം അവസാനഘട്ടത്തിലാണ്.
നഗരസഭയ്ക്ക് പുറത്ത് പഞ്ചായത്ത് പ്രദേശങ്ങളിലും ഗുണഭോക്താവിന് സ്ഥലം വാങ്ങാം എന്ന പ്രത്യേകതയുമുണ്ട്. ചുരുങ്ങിയത് 3 സെന്റ് സ്ഥലം എങ്കിലും വാങ്ങിയിരിക്കണം. ലൈഫ്, പി.എം.വൈ ഭവന പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുമെന്നും ചെയര്മാന് വ്യക്തമാക്കി.

