മൂവാറ്റുപുഴ: ‘മാനവീകതയുടെ ഗ്രാഫ് താഴ്ന്നു നില്ക്കും വിധം സാമൂഹ്യ സംവിധാനങ്ങളെ ബോധപൂര്‍വ്വം പുന:സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ,് രാഷ്ട്രീയാധികാര ശക്തികളുടെ പിന്തുണയോടെ സകല മത- ജാതിബിംബങ്ങളും പൗരോഹിത്യവും വരേണ്യവര്ഗവുമെന്ന് രാഷ്ട്രീയ നിരീക്ഷകനും സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ എന്‍എം പിയേഴ്സണ്‍. സാമൂഹ്യമായ അപചയം സാംസ്കാരിക ജീര്‍ണതയുടെ പ്രതിഫലമാണ്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട കക്ഷിരാഷ്ട്രീയം സ്വാര്‍ഥ ലാഭ ലക്ഷ്യത്തോടെ, ഇടം -വലം വ്യത്യാസമില്ലാതെ ജീര്‍ണതക്ക് ആക്കം കൂട്ടുന്നതായും പിയേഴ്സണ്‍ പറഞ്ഞു.
മുവാറ്റുപുഴ ആട്ടായം പീപ്പിള്‍സ് ലൈബ്രറി ഹാളില്‍ വച്ച് നവചേതന സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച സെമിനാറില്‍ സാംസ്കാരിക ജീര്‍ണതക്കെതിരെ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു രാഷ്ട്രീയ നിരീക്ഷകനും സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ എന്‍ എം പിയേഴ്സണ്‍.
പതിവു ശീലങ്ങളായ അധ്യക്ഷന്‍, സ്വാഗതം, വേദിയിലെ ആള്‍ക്കൂട്ടം ഇവ മറികടന്ന് കോമ്പയറിംഗിന് ഹന അസലം എന്ന വിദ്യാര്‍ഥിനിയെ ചുമതലപ്പെടുത്തി നവചേതന നടത്തിയ മീറ്റിംഗ് രീതിയും ശ്രദ്ധേയമായി. അബ്ദുല്‍ സമദിന്റ ആമുഖത്തോടെ ആരംഭിച്ച സെമിനാറില്‍ പിഎസ്എ ലത്തീഫ്, ഇകെ മുരളി, ലിസി തേവര് മഠം, ജിനീഷ് ലാല്‍ രാജ്, എ പി കുഞ്ഞ്, ഇടപ്പള്ളി ബഷീര്‍, പി എ അബ്ദുല്‍ റസാക്ക്, കബീര്‍ കുന്നുമ്മേക്കുടി തുടങ്ങിയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഇടപെട്ടു സംസാരിച്ചു.
ലിസി ജോളി, സിജു വളവി, എ കെ പ്രസാദ്, അഭിജിത് ജയന് എന്നീ പ്രതിഭകളെ നവചേതനയ്ക്കു വേണ്ടി പായിപ്ര ദമനന്, കെ എം ഗോപി, കെ എം നൗഫല്‍, എം മുഹമ്മദ് വാരിക്കാട്ട് എന്നിവര്‍ പുരസ്കാരം നല്കി ആദരിച്ചു. കോമ്പയറിംഗ് മനോഹരമായി നിര്‍വഹിച്ച ഹന അസ്ലമിനെയും രജിസ്ട്രേഷന് കാര്യക്ഷമമാക്കിയ സാലി പീറ്ററേയും നവചേതനയ്ക്കു വേണ്ടി കെ പി ഗോവിന്ദന്, എബ്രഹാം സാര്‍ എന്നിവര്‍ പുസ്തകം നല്കിയാദരിച്ചു.
എതിര്‍ശബ്ദങ്ങള്‍ നിലച്ചുപോയ സാമൂഹ്യ ഇടങ്ങളില്‍ അതുയര്‍ത്താനുള്ള എളിയ ശ്രമങ്ങള്‍ക്ക് ഒപ്പം നില്ക്കാന് മനസ്സുകാണിച്ച മുഴുവന്‍ മനുഷ്യരേയും നവചേതന അഭിവാദ്യം ചെയ്തു.


