എറണാകുളം : കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ ആലപ്പുഴ തീരദേശ പാത വഴി സർവീസ് നടത്തുമ്പോൾ ട്രാക്കിലെ പഴയ പാളങ്ങൾ മാറ്റി പുതിയത് സ്ഥാപിച്ച് റെയിൽവേ. പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകാത്ത കായംകുളം – എറണാകുളം റീച്ചിലാണ് ട്രാക്കുകൾ അപ്ഗ്രേഡ് ചെയ്യുന്നത്. വന്ദേ ഭാരത് അടക്കം തീരദേശ പാതയിലൂടെ കടന്നുപോകുന്ന ട്രെയിനുകൾക്കെല്ലാം പരമാവധി വേഗം ഉറപ്പാക്കുകയാണ് ലക്ഷ്യം.വന്ദേഭാരത് സർവീസ് തുടങ്ങാനിരിക്കേ ആലപ്പുഴ തീരദേശ പാതയിൽ നിലവിലുള്ള ട്രാക്കും സ്ലീപ്പറുകളും സിഗ്നൽ സംവിധാനങ്ങളും നവികരിക്കുകയാണ് റെയിൽവെ.
വന്ദേ ഭാരതിനു മാത്രമല്ല, തീരദേശ പാതയിലെ ട്രെയിനുകൾക്കെല്ലാം പരമാവധി വേഗം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി കോണ്‍ക്രീറ്റ് സ്ലീപ്പറുകളും റെയിലുകളും ഉൾപ്പെടെ പുതിയത് സ്ഥാപിക്കുകയാണ്. കരുവാറ്റ ആയാപറമ്പ് റെയിൽ ഗേറ്റു മുതൽ കായംകുളം വരെയുള്ള ഭാഗത്ത് പടിഞ്ഞാറു വശത്തെ ട്രാക്കാണ് നവീകരിക്കുന്നത്.കായംകുളം-ആലപ്പുഴ-എറണാകുളം റീച്ചിൽ പൂർണ തോതിൽ ഇരട്ടപ്പാത ഇല്ലെന്നതാണ് തീരദേശ റെയിൽ പാതയിലെ പ്രതിസന്ധി. തകഴി – അമ്പലപ്പുഴ ഭാഗത്തെ കോരം കുഴിയിലും കുമ്പളം പാലത്തിലും ഇപ്പോൾ തന്നെ വേഗനിയന്ത്രണമുണ്ട്. ഹരിപ്പാട് ചേപ്പാട് ഭാഗത്ത് 25 കിലോമീറ്റർ വേഗത്തിലാണ് ട്രെയിനുകള്‍ ഓടുന്നത്. ഇനി 100 കിലോമീറ്റര്‍വരെ വേഗം ഉറപ്പാകും. ഒരു മാസത്തിനുളളിൽ ട്രാക്ക് നവീകരണം പൂർത്തിയാകും.

