കോഴിക്കോട് ബീച്ച് കാര്‍ണ്ണിവല്‍ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 44 പേര്‍ക്ക് പരുക്കേറ്റു. 6 പൊലീസുകാര്‍ക്കും പരുക്കുണ്ട്. ബീച്ചിലെ സംഗീത പരിപാടിക്കിടെ ബാരിക്കേഡ് മറിഞ്ഞ് ആദ്യം അപകടമുണ്ടാവുകയായിരുന്നു. അതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൂട്ടയടി നടക്കുകയും പൊലീസിന് നേരെ ആക്രമണമുണ്ടാവുകയും ചെയ്തു.
മതിയായ സൗകര്യമൊരുക്കിയില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സംഘാടകര്‍ക്കെതിരെയും പൊലീസിനെ ആക്രമിച്ച കണ്ടാലറിയാവുന്ന അമ്പത് പേര്‍ക്കെതിരെയും കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളയില്‍ പൊലീസ് രണ്ട് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇന്നലെ വൈകിട്ടാണ് ബീച്ചിലെ സംഗീത പരിപാടിക്കിടെ സംഘര്‍ഷമുണ്ടായത്. പരിപാടിയില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം പേര്‍ക്ക് പ്രവേശന പാസ് നല്‍കുകയും പുറത്ത് നിന്ന് ആളുകള്‍ പരിപാടിയിലേക്ക് ഇരച്ചു കയറുകയും ചെയ്തതാണ് സംഘര്‍ഷത്തിന് കാരണം. സംഘര്‍ഷമുണ്ടായതോടെ പൊലീസ് ലാത്തിവീശിയാണ് ആളുകളെ ഒഴിപ്പിച്ചത്. തുടര്‍ന്ന് സമീപത്തുള്ള എല്ലാ കടകളും അടപ്പിച്ചു.


