മൂവാറ്റുപുഴ: നാടും നഗരവും ഇളക്കിമറിച്ച് ആവേശം വിതറി യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. എല്ലാ വീടുകളിലും നേരിട്ടെത്തി വോട്ട് ചോദിക്കുകയാണ് കുഴല്നാടന്. പ്രചാരണത്തില്‍ മറ്റ് സ്ഥാനാര്‍ത്ഥികളെക്കാള്‍ ഒരുപടി മുന്നിലാണ് കുഴല്‍നാടന്റെ വോട്ട് വണ്ടി. വിവിധ സംഘടനകളുടെ യോഗങ്ങളിലും ചടങ്ങുകളിലും മാത്യു കുഴല്നാടന് പങ്കെടുക്കുന്നുണ്ട്.
ഇന്നലെ രാവിലെ ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കുന്ന യുവാക്കള്‍ക്കൊപ്പം പന്ത് തട്ടിയായിരുന്നു മാത്യു കുഴല്‍നാടന്റെ പ്രചരണത്തിന് തുടക്കം. തുടര്‍ന്ന് മാറാടി സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തി. പെരിങ്ങഴ സെന്റ് ജോസഫ് കത്തോലിക്ക പള്ളിയെ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച ചടങ്ങില്‍ സംബന്ധിച്ച ശേഷം കോതമംഗലം രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പിതാവിനും വൈദീകര്‍ക്കുമൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു.

വിവിധ മഠങ്ങളിലും, ദേവാലയങ്ങളിലും എത്തി. പോത്താനിക്കാട് സ്ത്രീകളുടെ കൂട്ടായ്മയിലെത്തി എല്ലാവരോടും ആശയ വിനിമയം നടത്തുകയും വോട്ടഭ്യര്‍ഥിക്കുകയും ചെയ്തു. ശേഷം കലാമ്പൂര് ഫുട്ബോള്‍ ടൂര്‍ണമെന്റിലും പങ്കെടുത്തു.


