മൂവാറ്റുപുഴ: പെരിങ്ങഴ സെന്റ് ജോസഫ് തീര്‍ത്ഥാടന ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ യൗസേപ്പിതാവിന്റേയും സെബസ്ത്യാനോസിന്റേയും തിരുനാള്‍ 17 മുതല്‍ 20 ആഘോഷിക്കുമെന്ന് വികാരി ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
യൗസേപ്പിതാവിന്റെ ഏഴ് വ്യാകുലങ്ങളെ അനുസ്മരിച്ച് നിര്‍മ്മിച്ചിരിക്കുന്ന പിതാപാതയുടെ വെഞ്ചിരിപ്പും ഇതോടൊപ്പം നടക്കും. യൗസേപ്പിതാവിന്റെ ജീവിതത്തിലെ സുപ്രധാനമായ ഏഴ് നിമിഷങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് പിതാപത. ഏഴ് ചെറുകപ്പേളകളാണ് ഇതിനായി പള്ളിയങ്കണത്തില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള നിര്‍മ്മാണം.
ദിവസവും രാവിലെ 6.30 ന് കുര്‍ബാന നടക്കും. പിതാപാതയുടെ വെഞ്ചിരിപ്പ് രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നിര്‍വഹിച്ചു. 19ന് രാവിലെ 10.30ന് കുര്‍ബാന ഫാ. ജോണ്‍ ഇലഞ്ഞേടത്ത്, 5.15ന് തിരുനാള്‍ കുര്‍ബാന ഫാ. ജോസഫ് വടക്കേടത്ത്, തിരുനാള്‍ സന്ദേശം റവ. ഡോ. ജോസഫ് പരിയാത്ത്, 6.45ന് പ്രദക്ഷിണം, 20ന് രാവിലെ 10.30 ന് കുര്‍ബാന- മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, 5.15ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലില്‍, തിരുനാള്‍ സന്ദേശം മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍, 6.45ന് പ്രദക്ഷിണം എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ ജോസ് മഠത്തിക്കുടിയില്‍, പോള്‍സണ്‍ കുരിശിങ്കല്‍, സിബി പൊതൂര്‍ എന്നിവരും സംബന്ധിച്ചു.

