കൊച്ചി: പുനർജനി പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഏതു ബെഞ്ച് പരിഗണിക്കണം എന്ന തീരുമാനം ചീഫ് ജസ്റ്റിസിന് വിട്ടു. ഇതിന് ശേഷമാകും തുടർ നടപടികൾ ഉണ്ടാവുക. പൊതുപ്രവർത്തകൻ കെഎം ഷാജഹാനാണ് ഹർജി നൽകിയത്. വിജിലൻസിന്റെ ക്ലോഷർ റിപ്പോർട്ട് റദ്ദ് ചെയ്യണമെന്നും ആവശ്യം. എംഎൽഎ ആയിരിക്കെ വി. ഡി സതീശൻ നടത്തിയ സാമ്പത്തിക ഇടപാടുകൾ ദുരൂഹമെന്ന് ഹർജിയിൽ ആരോപിക്കുന്നു.
വിജിലൻസ് അന്വേഷണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയിരുന്നു. കേസ് സിബിഐക്ക് വിടണം എന്നായിരുന്നു അന്നത്തെ വിജിലൻസ് ഡയറക്ടറുടെ ശിപാർശ. ശിപാർശയ്ക്ക് പിന്നാലെ യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേസ് വിജിലൻസ് അവസാനിപ്പിച്ചു. വ്യക്തമായ തെളിവുണ്ടായിട്ടും ക്ലീൻ ചിറ്റ് നൽകിയത് നിയമവിരുദ്ധമാണ്. വിജിലൻസ് നടപടി റദ്ദാക്കണമെന്നും കേസ് സിബിഐക്ക് വിടണമെന്നുമാണ് ഹർജിയിലെ ആവശ്യം.
2018ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനരധിവാസ പദ്ധതിയാണ് പുനർജനി. പുനർജനി പദ്ധതിയ്ക്ക് വേണ്ടി വിദേശത്ത് നിന്ന് പണം ശേഖരിച്ചതിൽ അഴിമതി നടന്നുവെന്നാണ് ആക്ഷേപം. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെയാണ് വിദേശത്ത് നിന്ന് പണം പിരിച്ചെന്നായിരുന്നു പരാതി.

