മൂവാറ്റുപുഴ: തുടര്‍ച്ചയായി 25-ാം വര്‍ഷവും ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്കൂള്‍ ഫോര്‍ ദി ഡഫിന് നൂറ് മേനി വിജയം. സ്പെഷ്യല്‍ സ്കൂള്‍ വിഭാഗത്തിലായി നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ അസീസി സ്കൂളിന് 100-മേനി വിജയം കൈവരിച്ചത്. ആകെ ആറ് കുട്ടികളാണ് പരീക്ഷ എഴുതിയത്.
അമല ഷിബു, ആഷ്ന യൂസഫ്, എം.എസ്.മീര, എയ്ഡന്‍ വിനോദ്, കെ.എസ്.ബാദുഷ, വിന്‍സ് മാത്യു എന്നിവരാണ് മികച്ച വിജയം നേടി സ്കൂളിന്റെ അഭിമാനമായി മാറിയത്. ശാരീരിക വൈകല്ല്യങ്ങളെ അതിജീവിച്ചാണ് വിദ്യാര്‍ത്ഥികള്‍ നൂറ് മേനി വിജയം നേടിയത്. കോവിഡ് മഹാമരിയുടെ കാലത്ത് ഓണ്‍ലൈന്‍ ക്ലാസ്സിലൂടെ വിദ്യാഭ്യാസം നല്‍കുകയും പരീക്ഷയ്ക്ക് മൂന്ന് മാസം മുമ്പ് എല്ലാ കുട്ടികളെയും സ്കൂള്‍ ഹോസ്റ്റലില്‍ താമസിപ്പിച്ച് അധ്യാപകരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളിന് നൂറ് മേനി വിജയം സമ്മാനിച്ചതെന്ന് ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ ജീവ ഫ്രാന്‍സിസ് പറഞ്ഞു.
കലാ- കായിക മേഖലയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂള്‍ 1998-മുതല്‍ സ്പെഷ്യല്‍ സ്കൂള്‍ വിഭാഗത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് സ്കൂളിന് 100-ശതമാനം വിജയം കൈവരിച്ച് വരികയാണന്നും സിസ്റ്റര്‍ ജീവ ഫ്രാന്‍സിസ് പറഞ്ഞു.

