പ്രകടന പത്രികക്ക് ജനകീയ മുഖം നല്കി ഇടതുപക്ഷം മുന്നിട്ടിറങ്ങിയത് മൂവാറ്റുപുഴക്ക് പുതിയ അനുഭവമായി മാറി. ഓണ്‍ലൈനില്‍ നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷം മൂവാറ്റുപുഴയിലെ പ്രമുഖ സംഘടനകളെയും വ്യക്തികളെയും സമീപിച്ച് ആശയങ്ങള്‍ ശേഖരിച്ച ഇടതു ക്യാമ്പയിന് രാഷ്ട്രീയ പോസ്റ്റുകള്‍ക്കിടയില്‍ വൈറലായി മാറി. ജനകീയ വികസന പത്രിക എന്ന പേരിലാണ് ഇത്തവണ ഇടതുപക്ഷം പ്രകടന പത്രിക തയ്യാറാക്കുന്നത്. പുതിയ ആശയങ്ങളും ടെക്നോളജിയും സമന്വയിപ്പിച്ച് ഇടതു ക്യാമ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുന്നേതന്നെ പ്രചരണത്തില്‍ മേല്‍ക്കൈ നേടിയിട്ടുണ്ട്.
ഗ്രൂപ്പുകളിയും തമ്മിലടിയുമായി നടന്ന യുഡിഎഫ് ക്യാമ്പും ഇടതുപക്ഷത്തിന്റെ ക്യാമ്പയിനുകള്‍ അതേപടി പകര്‍ത്തിയിരിക്കുകയാണ്. ഇടതുപ്രചരണം കോപ്പിയടിക്കുന്നത് ഗുണകരമല്ല എന്ന അഭിപ്രായവും വച്ചുപുലര്‍ത്തുന്ന നേതാക്കളുണ്ട്. ഇക്കാര്യത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരിലുള്ള അസ്വാരസ്യങ്ങളും തുടക്കത്തിലേ തന്നെ പ്രചരണത്തില്‍ കല്ലുകടിയായി മാറിയിട്ടുണ്ട്.
ഇടതുപക്ഷത്തിന്റെ പ്രചരണത്തിലെ പ്രൊഫഷണല്‍ ടച്ചിന് ഒപ്പമെത്താന്‍ യുഡിഎഫിന് കഴിയാത്തതും ചര്‍ച്ചയായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സിപിഎമ്മിന്റെ യുവനേതൃ നിരയാണ് ഇക്കുറി എല്‍ഡിഎഫിന്റെ പ്രചരണം നയിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ എല്‍ഡിഎഫ് മുന്നേറ്റത്തില്‍ മുട്ടിടിച്ചാണ് യുഡിഎഫ് നില്‍ക്കുന്നതെന്ന് പ്രവര്‍ത്തകരില്‍ത്തന്നെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.