ലോകമാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മഹാരാജാസ് കോളേജില്‍ വെച്ച് ജില്ലാ കളക്ടര്‍ ഡോ രേണുരാജ് ഐഎഎസ് നിര്‍വഹിച്ചു. എല്ലാവര്ക്കും മാനസികാരോഗ്യവും സുസ്ഥിതിയും ഒരു ആഗോള മുന്ഗണനയാക്കാം എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യദിന സന്ദേശം. കോളേജ് പ്രിന്‍സിപ്പല്‍ ഡോ വിഎസ് ജോയ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എസ് ശ്രീദേവി മുഖ്യാതിഥിയായിരുന്നു.
ചടങ്ങില്‍ ആര് യു ഓകെ ക്യാമ്പയിന്, ക്യാമ്പസ് ജോഗിംഗ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. എറണാകുളം സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് പി രാജ് കുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. കൗമാരാരോഗ്യപരിപാടി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ അമര്‍ ഫെറ്റല്‍ മുഖ്യപ്രഭാഷണം നടത്തി.
മാനസികാരോഗ്യ ബോധവത്കരണപരിപാടികളുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്, സെന്റര്‍ ഫോര്‍ കണ്ടംപററി ആര്‍ട്ട്, മൂവാറ്റുപുഴ തര്‍ബിയത്ത് വി.എച്ച്.എസ്.ഇ എന്‍.എസ്സ് എസ്സ് യൂണിറ്റ് ഇവയുടെ സഹായത്തോടെ നടത്തുന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് ആര് യു ഓകെ. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കിടുന്ന ചെറിയ വീഡിയോകളിലൂടെയാണ് ഈ കാമ്പയിന് നടത്തുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാനസികാരോഗ്യത്തിനും ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിനും പ്രാധാന്യം നല്കി നടപ്പിലാക്കുന്ന പരിപാടിയാണ് കാമ്പസ് ജോഗിംഗ്. കൗമാരാരോഗ്യ പരിപാടിയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നല്ല ആരോഗ്യ ശീലങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്താകെയുള്ള ക്യാമ്പസുകളിലേക്ക് ഈ കാമ്പയിന് വ്യാപിപ്പിക്കുന്നതിനായാനാണ് സംസ്ഥാന കൗമാരാരോഗ്യപരിപാടി ശ്രമിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് മഹാരാജാസ് കോളേജില്‍ കാമ്പസ് ജോഗിംഗ് ആരംഭിക്കുന്നത്. കൗമാരാരോഗ്യ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ഡെപ്യൂട്ടി ഡിഎംഒ ഡോ കെ സവിത, ജില്ലാ മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ സൗമ്യരാജ് ടി ജെ, കോളേജ് ഗവേണിംഗ് ബോഡി അംഗം ഡോ എംഎസ് മുരളി, നേച്ചര്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ഡോ ആര് കവിത, ജില്ല എഡുക്കേഷന്‍ മീഡിയ ഓഫീസര്‍ സിഎം ശ്രീജ സ്നേഹ എം.എസ്. സതീഷ് മുല്ലക്കല്‍, ജോയ് പി.പി. തുടങ്ങിയവര്‍ സംസാരിച്ചു.