കടുത്ത യാത്രാക്ലേശം അനുഭവിക്കുന്ന ആലപ്പുഴക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഏപ്രില്‍ 13 ന് എറണാകുളം ജംഗ്ഷനില്‍ റെയില്‍ യാത്രക്കാര്‍ ഒന്നടങ്കം സംഘടിക്കുന്നു. പ്രതിഷേധ സംഗമം രാവിലെ 09.00 ന് എം.പി ഹൈബി ഈഡന് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ വഴി ഓഫീസ് സമയം പാലിക്കുന്ന ഒരു അണ് റിസേര്‍വ്ഡ് ട്രെയിന്‍ എങ്കിലും അനുവദിക്കുന്നത് വരെ കേരളത്തില്‍ ഉടനീളം തുടര്‍ സമരങ്ങളുമായി മുന്നോട്ട് വരുമെന്ന് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് സെക്രട്ടറി ലിയോണ്‍സ് അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നിട്ടും ഓഫീസ് സമയം പാലിക്കുന്ന ഒരു ട്രെയിന്‍ പോലും ആലപ്പുഴ ജില്ലയ്ക്ക് ലഭിച്ചിട്ടില്ല. കൃത്യമായ ഗതാഗത സംവിധാനം ഇല്ലാതെ പലരുടെയും ജോലി നഷ്ടപ്പെട്ടു. നിത്യവൃത്തിയ്ക്ക് എറണാകുളം ജില്ലയെ ആശ്രയിക്കുന്ന സാധാരണക്കാരായ നിരവധിയാളുകളുടെ അന്നം മുടക്കുകയാണ് റെയില്‍വേ ഇതുവഴി ചെയ്തത്.
റെയില്‍വേ ഒഴികഴിവായി ചൂണ്ടിക്കാണിക്കുന്ന ജനശതാബ്ദിയില്‍ സൂപ്പര്‍ ഫാസ്റ്റ് നിരക്കും റിസര്‍വേഷന്‍ ചാര്‍ജുകളും നല്കി യാത്ര ചെയ്യാനുള്ള സാമ്പത്തിക സുരക്ഷിതത്വമുള്ളവരല്ല ഏറിയ പങ്കും. രാവിലെ അനുവദിച്ച മെമുവില്‍ യാത്രക്കാരുടെ എണ്ണം പോലും പരിഗണിക്കാതെ സ്റ്റോപ്പുകള്‍ വെട്ടികുറച്ചതും ആലപ്പുഴയോടുള്ള വിവേചനമാണെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. വയലാര്‍, തിരുവിഴ, കലവൂര്‍ സ്റ്റേഷനുകള്‍ പുനസ്ഥാപിക്കാത്തതും കടുത്ത അമര്‍ഷത്തിന് ഇടയാക്കുന്നു.
വൈകുന്നേരം ആറുമണിക്കുള്ള കായംകുളം പാസഞ്ചര്‍ ആവശ്യപ്പെട്ട് ഒരു ജില്ല മുഴുവന്‍ കേണിട്ടും ജനങ്ങളെ പൊട്ടന് കളിപ്പിക്കുയാണ് റെയില്‍വേ. ആലപ്പുഴ വഴി രാത്രിയില്‍ ഉണ്ടായിരുന്ന എറണാകുളം -കൊല്ലം മെമുവും അനിശ്ചിതാവസ്ഥയിലാണ്. സ്ത്രീയാത്രക്കാര്‍ സിംഹഭാഗവും ജോലി ഉപേക്ഷിച്ചു.
ജന ജീവിതം ഒന്നിനൊന്നു ദുസ്സഹമാകുകയാണ്. പെട്രോള്‍ ഡീസല്‍, ഗ്യാസ്, ദൈനം ദിന ചെലവുകള്‍ എല്ലാം വര്‍ദ്ദിച്ചു വരികയാണ്. സാധാരണക്കാരന് കൈത്താങ്ങേണ്ട പൊതുഗതാഗത സംവിധാനം ജനങ്ങളെ കുത്തിപ്പിഴിയുകയാണ്. മെമു, പാസഞ്ചര്‍ സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ ഇരുചക്ര വാഹനങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. ഓഫീസ് സമയം പാലിക്കാന്‍ കിലോമീറ്ററുകള്‍ പാഞ്ഞെത്തി പാതി വഴിയില്‍ ജീവന് പൊലിഞ്ഞവരില്‍ ഞങ്ങളുടെ സഹയാത്രികരും ഉണ്ട്. ശേഷിക്കുന്ന ഭൂരിപക്ഷം കോവിഡ് അനന്തര രോഗങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മുക്തരായിട്ടില്ല. രാവിലെയും വൈകുന്നേരവും ബസിന് പിറകെ ഓടിയും കിലോമീറ്ററുകള്‍ വാഹനങ്ങള്‍ ഓടിച്ചും ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു. മെമു ട്രെയിനുകള്‍ക്ക് എക്സ്പ്രസ്സ് നിരക്കുകള്‍ ആണ് റെയില്‍വേ ഈടാക്കുന്നത്. സാധാരണക്കാരന്റെ മടിക്കുത്ത് പിടിച്ചു പറിച്ച് കരം പിരിച്ച പഴയ ബ്രിട്ടീഷ് അജണ്ടയാണ് റെയില്‍വേ നടപ്പാക്കുന്നത്.
കോവിഡിന്റെ പേരില്‍ യാത്രക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും റെയില്‍വേ റദ്ദാക്കി. സാധാരണക്കാരന്റെ ആശ്രയമായിരുന്ന പാസഞ്ചറുകള്‍ ഓര്‍മ്മയായിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. സര്‍വീസുകള്‍ ആരംഭിക്കാതിരിക്കാന്‍ തടസ്സങ്ങള്‍ ഒന്നും റെയില്‍വേയ്ക്ക് അവകാശപ്പെടാനില്ല. എക്സ്പ്രസ്സ് ട്രെയിനുകള്‍ എല്ലാം സ്പെഷ്യല്‍ പരിഗണന ഒഴിവാക്കിയപ്പോള്‍ മെമു അതേ പേരില്‍ ഓട്ടം തുടരുന്നത് സാധാരണക്കാരന്റെ കഞ്ഞിയില്‍ കയ്യിട്ട് വാരാന്‍ ആണെന്നത് വ്യക്തമാണെന്ന് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് വിമര്‍ശിച്ചു.
ജനങ്ങളെ പൂര്‍ണ്ണമായും റെയില്‍വേ കൈവിട്ടിരിക്കുന്നു. ലാഭത്തില്‍ മാത്രമാണ് ഇപ്പോള്‍ റെയില്‍വേയുടെ കണ്ണ്. മിച്ചം പിടിക്കാന്‍ ബാക്കിയില്ലാത്ത സാധാരണക്കാരനെ പിടിച്ചു പറിക്കുന്ന റെയില്‍വേ നയങ്ങള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചു ശക്തമായ പ്രതിഷേധമാണ് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ 13 ന് മംഗലാപുരം മുതല്‍ കന്യാകുമാരി വരെ യാത്രക്കാരുടെ വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രം, ഫേസ് ബുക്ക് മുഖചിത്രം വഴിയും സ്റ്റാറ്റസ് വഴിയും പ്രതിഷേധം ജനങ്ങളിലേയ്ക്ക് എത്തിക്കും. അന്നേ ദിവസം എല്ലാ സ്റ്റേഷനുകളിലും യാത്രക്കാര്‍ സംഘടിക്കുകയും പരാതി ബുക്കില്‍ പ്രതിഷേധം രേഖപ്പെടുത്തുമെന്ന് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് സെക്രട്ടറി ലിയോണ്‍സ് അറിയിച്ചു.

