മൂവാറ്റുപുഴ: നഗരത്തിന് ഉത്സവ അന്തരീക്ഷം പകര്‍ന്ന് മൂന്നാഴ്ചയായി മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം നടന്നുവരുന്ന മൂവാറ്റുപുഴ ഫെസ്റ്റ് പതിനാലിന് കൊടിയിറങ്ങും.
കോവിഡിന് ശേഷം ജനങ്ങള്‍ ഇത്രയേറെ കൂട്ടത്തോടെ എത്തിയ പരിപാടി സമീപനാളുകളില്‍ ഒന്നും മൂവാറ്റുപുഴയില്‍ നടന്നിട്ടില്ല. ഓരോ ദിവസവും ആയിരങ്ങളാണ് എത്തിയത്. പ്രതികൂല കാലാവസ്ഥ പോലും മറികടന്ന് നാട്ടുകാര്‍ ഇരമ്പി എത്തുകയായിരുന്നു. അഞ്ചുദിവസം മാത്രം അവശേഷിക്കുന്ന ഫെസ്റ്റ് കൂടുതല്‍ വര്ഗണാഭം ആക്കുന്നതിനാണ് സംഘാടകരുടെ തീരുമാനം. ഇന്നു മുതല്‍ ഫെസ്റ്റ് അവസാനിക്കുന്ന തിങ്കളാഴ്ച വരെ എല്ലാ ദിവസവും രാവിലെ 11 മുതല്‍ പ്രവേശനം അനുവദിക്കും.
കാഴ്ചകളുടെ വിരുന്നൊരുക്കി ആണ് ഫെസ്റ്റ് മൂന്നാഴ്ച പിന്നിടുന്നത്. ഇന്ത്യ ഗേറ്റ് മാതൃകയില്‍ ഇരുപതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പവലിയനാണ് മേള നടന്നു വരുന്നത്. പെറ്റ് ഷോയാണ് മുഖ്യ ആകര്‍ഷക ഇനം. കാഴ്ചക്കാരുമായി ഇടപഴകുന്ന പക്ഷികളും പൂച്ച, നായ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളും ഇതിനകം നിരവധി പേരുടെ മനം കവര്‍ന്നു. റോബോട്ടിക് അനിമല്‍ ഷോ ആണ് മറ്റൊരു കൗതുകക്കാഴ്ച.
ഈ പവലിയനില്‍ ഒരുക്കിയിരിക്കുന്ന ശബ്ദ- പ്രകാശ ക്രമീകരണം കാഴ്ചക്കാര്‍ക്ക് കൊടും കാട്ടിലൂടെ സഞ്ചരിക്കുന്ന അനുഭവം സമ്മാനിക്കും. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പ്രവര്‍ത്തിക്കുന്ന മാതൃക ഇതിനകം സെല്‍ഫി കോര്‍ണര്‍ ആയി മാറിക്കഴിഞ്ഞു.
ഇതിനെല്ലാം പുറമേ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എണ്‍പതിലധികം വാണിജ്യ സ്റ്റാളുകളും ഫെസ്റ്റിലുണ്ട്. ആദ്യകാല മിഠായി മുതല്‍ വൈവിധ്യമാര്‍ന്ന ഭക്ഷണ പാനീയങ്ങളും ഗൃഹോപകരണങ്ങളും കളിപ്പാട്ടങ്ങളും കൗതുക വസ്തുക്കളും ആയുര്‍വേദ ഉല്പന്നങ്ങളും പാലക്കാടന്‍ കരിപ്പട്ടി ശര്‍ക്കരയും അടക്കം സ്റ്റാളുകളില്‍ ലഭ്യമാണ്.
ആകാശ ഊഞ്ഞാലും മരണക്കിണറും അടക്കം പതിനഞ്ചോളം റെയ്ഡുകളുളള അമ്യൂസ്മെന്റ് പാര്‍ക്ക് ഫെസ്റ്റിനെ കൂടുതല്‍ ജനപ്രിയമാകുന്നു. രാജ്യത്തെ മികച്ച എന്റര്‍റ്റെന്‍മെന്റ് സ്ഥാപനമായ വിവിധ് ആണ് സംഘാടകര്‍.

