മൂവാറ്റുപുഴ: ഇ-ഗവേണ്‍സിന്റെ ഭാഗമായിമൂവാറ്റുപുഴ നഗരസഭ ഓഫീസില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന് പൂര്‍ത്തിയാക്കി.വിവിധ സര്ട്ടിഫിക്കറ്റുകള്ക്ക്അപേക്ഷ നല്‍കുന്നതിനും നികുതി അടയ്ക്കുന്നതിനും ഓണ്‍ലൈന്‍ പ്രയോജനപ്പെടുത്താം. ഇതോടെ നഗരസഭ ഓഫീസ് കയറിയിറങ്ങുന്നത് ഒഴിവാക്കാനാകും. എല്ലാത്തരം സേവനങ്ങളും ഓണ്‍ലൈന്‍ വഴിലഭ്യമാക്കാന് ആകുമെന്ന് ചെയര്മാന് പി.പി. എല്‍ദോസ് പറഞ്ഞു.
പേപ്പര്‍ രഹിത ഓഫീസ് എന്നതാണ് ഡിജിറ്റലൈസേഷനിലൂടെ ലക്ഷ്യമിടുന്നത്.സ്വന്തമായി ഒരു സ്മാര്‍ട്ട്ഫോണ്‍ ഉളളവര്‍ക്ക് വീട്ടിലിരുന്ന് നഗരസഭ ഓഫീസിലെ ദൈനംദിന കാര്യങ്ങള്‍ നടത്താനാകും. ജനന മരണ സര്‍ട്ടിഫിക്കറ്റ്,വിവാഹ സര്‍ട്ടിഫിക്കറ്റ്, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, സാമൂഹിക സുരക്ഷാ പെന്‍ഷനുള്ള അപേക്ഷകള്‍, ഡി ആന്റ് ഒ ലൈസന്‍സ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് ഓണ്‍ലൈന്‍ വഴി ഇനി അപേക്ഷ സമര്‍പ്പിക്കാം. ഇതിനു പുറമേ വസ്തു നികുതി ഉള്‍പ്പെടെ വിവിധ ഓഫീസുകള്‍ ഇ- പെയ്മെന്റ് ആയി അടക്കുന്നതിനും സൗകര്യമുണ്ട്.
സങ്കേതം സോഫ്റ്റ്വെയര് ആണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഫോണ്‍ ഇല്ലാത്തവര്‍ക്ക് തൊട്ടടുത്ത അക്ഷയ സെന്ററിനെ സമീപിച്ചു സേവനം ഉറപ്പു വരുത്താം. ഡിജിറ്റലൈസേഷന്റെഭാഗമായി നഗരസഭയുടെ വിവിധ തലങ്ങളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ച സോഫ്റ്റ്വെയര് ആപ്ലിക്കേഷനുകളുടെ സഹായത്തോടെ നഗരസഭയുടെ മുന്‍കാല രേഖകള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍ വത്ക്കരിക്കും.
വെബ് അധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാക്കി ഇ-ഗവേണ്സ്യാഥാര്ത്ഥ്യമാക്കുക എന്ന കൗണ്‍സിലിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് യാഥാര്‍ഥ്യമാക്കിയത്. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്അജി മുണ്ടാടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ രാജശ്രീ രാജു, പി.എം. അബ്ദുല്‍സലാം, കൗണ്‍സിലര്‍മാരായ കെ.കെ. സുബൈര്‍, പി.എം. സലിം, ബിന്ദു ജയന്, സുധാ രഘുനാഥ്, ജിനു ആന്റണി, നെജില ഷാജി,വി.എ. ജാഫര്‍ സാദിഖ്, ഫൗസിയ അലി, ആശ അനില്‍, അമല്‍ ബാബു, ജോളി മണ്ണൂര്‍, പി.വി. രാധാകൃഷ്ണന്, സെക്രട്ടറി എ. മുഹമ്മദ് ആരിഫ് ഖാന്,എ.ഇ. മന്‍സൂര്‍ ടി.എ, ആര്.ഒ. മനേഷ് എസ്.എ, സൂപ്രണ്ട് മിനി.പി.എ, ആര്.ഐ.മാരായ ബല്‍ക്കീസ് വി, എബ്രഹാം ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

