മൂവാറ്റുപുഴ: ഒന്നര വര്‍ഷമായി കോണ്‍ഗ്രസിലും യു.ഡി.എഫി.ലും വിമത പ്രവര്‍ത്തനം നടത്തി വരുന്ന പ്രമീള ഗിരീഷ്കുമാര്‍ ഒടുവില്‍ സി.പി.എമ്മിന്റെ ചട്ടുകമായി മാറിയെന്ന് നഗരസഭാ ചെയര്മാന് പി.പി. എല്‍ദോസ്.
സി.പി.എം. ഓഫീസില്‍ നിന്ന് എഴുതിക്കൊടുക്കുന്ന ആരോപണങ്ങളാണ് ഇവര്‍ ഓരോ ദിവസവും ഉന്നയിക്കുന്നത്. നഗരസഭ വൈസ് ചെയര്മാന് സിനി ബിജുവിനെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോയ്സ് മേരി ആന്റണിയും കൈയേറ്റം ചെയ്തതിന് പിന്നാലെ കള്ളക്കഥകള്‍ ചമഞ്ഞ് കൂടുതല്‍ യുഡിഎഫ് കൗണ്‍സിലര്‍മാരെ കേസില്‍ കുടുക്കാനുള്ള നീക്കമാണ് നടത്തുന്നത്.
നഗരസഭ ഓഫീസില്‍ പ്രമീളയെ ആരും ആക്രമിച്ചിട്ടില്ല. അവരാണ് അതിക്രമം നടത്തിയത്. സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം യു.ഡി.എഫിന്റെ ഭൂരിപക്ഷം കൗണ്‍സിലര്‍മാരും ഓഫീസില്‍ ഉണ്ടായിരുന്നില്ല. ഈ വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. ഇതില്‍ നിന്നു തന്നെ ഗൂഢാലോചന വ്യക്തമാണ്.
കൈയേറ്റത്തിന് ഇരയായ സിനിയേയും ജോയ്സിനെയും ആശുപത്രിയില്‍ എത്തിച്ചതിന്റെ വിരോധമാണ് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അജി മുണ്ടാട്ടിന് എതിരെ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍.
തുടക്കം മുതല്‍ യു.ഡി.എഫ്. കൗണ്‍സിലിന് എതിരായ സമീപനമാണ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച പ്രമീള ഗിരീഷ്കുമാര്‍ സ്വീകരിച്ചു വരുന്നത്. വൈസ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കുകയും ഉപസമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിട്ടുനില്‍ക്കുകയും ചെയ്തു. നിര്‍ണായക അജണ്ടകള്‍ പോലും പ്രതിപക്ഷത്ത് ഒപ്പം ചേര്‍ന്ന് എതിര്‍ത്തു. ഈ സാഹചര്യത്തില്‍ എല്ലാം ജനാധിപത്യ മര്യാദ പാലിച്ച് യുഡിഎഫ് പ്രതികരിച്ചിരുന്നില്ല.
ഇവര്‍ ഇപ്പോഴും കോണ്‍ഗ്രസുകാരി എന്ന അവകാശവാദമാണ് ഉയര്‍ത്തുന്നത്. അങ്ങനെയെങ്കില്‍ വരുന്ന ഉപസമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമോ എന്ന് വ്യക്തമാക്കണമെന്നും ചെയര്മാന് ആവശ്യപ്പെട്ടു. കൂടുതല്‍ യു.ഡി.എഫ്. കൗണ്‍സിലര്‍മാരെ കള്ളക്കേസില്‍ കുടുക്കാനുളള നീക്കം അനുവദിക്കില്ല. ജനാധിപത്യവിരുദ്ധ നീക്കം ഉണ്ടായാല്‍ യു.ഡി.എഫ്. ഒറ്റക്കെട്ടായി നേരിടുമെന്നും ചെയര്മാന് വ്യക്തമാക്കി.


