മുവാറ്റുപുഴ : സംസ്ഥാനത്ത് ഗുണ്ടകളും ലഹരി മാഫിയകളും ചേർന്നാണ് ഭരണം നടത്തുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾക്ക് ഭീതി കൂടാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു.
ലഹരി മാഫിയക്കെതിരെ നിവേദനം നൽകിയ തോട്ടാഞ്ചേരിയിലെ അമ്മമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംഘടിപ്പിച്ച ‘ ആശങ്കപ്പെടുന്ന അമ്മ മനസ് ‘ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്ത് ചെയ്താലും സംരക്ഷിക്കുവാൻ സിപിഎം നേതാക്കൾ ഉണ്ടെന്ന ധൈര്യമാണ് ഇത്തരം ക്രിമിനൽ സംഘങ്ങളെ വളർത്തുന്നത്. പോലീസ്, എക്സൈസ് വകുപ്പുകൾ മാഫിയ സംഘങ്ങൾക്ക് വേണ്ടി ഒത്തുകളിക്കുകയാണെന്ന് മുൻ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ രമേശ് ചെന്നിത്തല ആരോപിച്ചു.
സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ പോലീസിനെ തങ്ങളുടെ അടിമകളാക്കി മാറ്റി. കഴിഞ്ഞ 8 വർഷമായി സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് വാഴ വകുപ്പ് ആയി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു.
മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി എൽദോ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. മാത്യു കുഴൽനാടൻ എംഎൽഎ, ജോസഫ് വാഴക്കൻ, ആശ ജിമ്മി, പി.പി എൽദോസ്, സാബു ജോൺ, സുഭാഷ് കടയ്ക്കോട്, കെ.ജി രാധാകൃഷ്ണൻ, അലക്സി സ്കറിയ, ബിന്ദു ഗോപി, സിന്ധു ബെന്നി, രജിത പി, സാറാമ്മ ജോൺ, ബിന്ദു ജയൻ, ജോയ്സ് മേരി ആന്റണി, രമ രാമകൃഷ്ണൻ, മേഴ്സി ജോർജ്, അജി സാജു, ഷോബി അനിൽ, ജെയിംസ് എൻ ജോഷി, അമൃതദത്തൻ, റാണി റെജി എന്നിവർ സംസാരിച്ചു.


