മൂവാറ്റുപുഴ: കോതമംഗലം മാര്‍തോമാ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോടനുബന്ധിച്ചുള്ള തീര്‍ഥാടകര്‍ക്ക് ദാഹജലം നല്കി സെന്‍ട്രല്‍ ജുമാമസ്ജിദ് പരിപാലന സമിതി. വര്‍ഗീയതയും വിദ്വേഷവും ഉത്കണ്ഠ സൃഷ്ടിക്കുന്ന കാലത്ത് മതമൈത്രിയുടെ മഹത്വം വിളംബരം ചെയ്യുന്ന മാതൃകയാണ് ഞായറാഴ്ച മുവാറ്റുപുഴ നഗരം ദര്‍ശിച്ചത്.
കോതമംഗലം- മൂവാറ്റുപുഴ റോഡില്‍ കീച്ചേരിപ്പടിയിലാണ് തീര്‍ഥാടകര്‍ക്കായി കുടിവെള്ളവിതരണം സജ്ജീകരിച്ചത്. നൂറുകണക്കിനു തീര്‍ഥാടകര്‍ക്ക് വിവിധ തരം ജ്യൂസുകള്‍ നല്‍കുകയായിരുന്നു. ഈ മാതൃകാ പ്രവര്‍ത്തനം വിശ്വാസികളുടെ ദാഹമകറ്റുക മാത്രമല്ല, മനസ്സും കുളിര്‍പ്പിച്ചു.
മതമൈത്രിയില്‍ പ്രസിദ്ധമാണ് കോതമംഗലം ചെറിയ പള്ളിയും കന്നി 20 പെരുന്നാളും. കൊടിയേറ്റിനോടനുബന്ധിച്ച് പ്രധാന ഭാഗമായ പ്രദക്ഷിണത്തിനു കോല്വിളക്കേന്തുന്നത് പരിശുദ്ധ ബാവായെ പള്ളിയിലേക്കു വഴികാണിച്ച ചക്കാല നായരുടെ പിന്മുറക്കാരാണ്. ഇക്കുറി സുരേഷാണ് കോല്‍വിളക്കേന്തി പ്രദക്ഷിണത്തിന് അകമ്പടി സേവിച്ചത്. പള്ളിയുമായി ബന്ധപ്പെട്ട് കോതമംഗലത്ത് മതമൈത്രി സമിതിയും നിലനില്‍ക്കുന്നുണ്ട്. പൗരത്വ പ്രക്ഷോഭകാലത്ത് പള്ളി അങ്കണത്തില്‍ മുസ്ലിംകള്ക്ക് പ്രാര്‍ഥനക്ക് അവസരം നല്കിയതും ചെറിയ പള്ളിയുടെ മൈക്കിലൂടെ ബാങ്ക് വിളിക്കാന്‍ അനുമതി നല്കിയതും വലിയ വാര്‍ത്തയായിരുന്നു.
പരിശുദ്ധ യെല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ കബറിങ്കലിലേക്കുള്ള പ്രധാന തീര്‍ഥാടന പാതയാണ് മൂവാറ്റുപുഴ. മണര്‍കാട് പള്ളിയില്‍ നിന്ന് ഉള്‍പ്പെടെയുളള തീര്‍ഥാടകര്‍ കടന്നുപോകുന്നത് ഇതുവഴിയാണ്. കോവിഡ് കാലത്ത് രണ്ടു വര്‍ഷം കാര്യമായ ആഘോഷം നടന്നിരുന്നില്ല.
കിടങ്ങൂര്‍, മരങ്ങാട്ടു പള്ളി, ഉഴവൂര്‍, കൂത്താട്ടുകുളം, പിറവം, കോലഞ്ചേരി ഭാഗത്തുനിന്നുള്ള വിശ്വാസികളും ഉണ്ട്. ഇവര്‍ക്കായി നൂറുകണക്കിനു ബോട്ടില്‍ വിവിധതരം ജ്യൂസുകളാണ് ഒരുക്കിയത്. സെന്‍ട്രല്‍ ജുമാ മസ്ജിദ് പ്രസിഡന്റും നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ പി.എം.അബ്ദുല്‍ സലാം, സെക്രട്ടറി സെക്രട്ടറി എം. എം മുഹമ്മദ്, കമ്മിറ്റി അംഗങ്ങളായി അബുലൈസ്, പി.വൈ. നൂറുദ്ധീന്‍, എവറസ്റ്റ് അഷ്റഫ്, അമീര്‍, അക്ബര്‍, നിസാര്‍, സിദ്ധീഖ്, ജസല്‍ പടിഞ്ഞാറേച്ചാലില്‍, വെല്‍ഫെയര്‍ കമ്മി്റ്റി പ്രസിഡന്റ് , അജി ടി.എം., സബീര്‍ മുവാറ്റുപുഴ, ഷിജി, ഷിജാദ്, സിറാജ് സിപി, നിസാര്‍, സലാം, ഷനീര്‍ എന്നിവര്‍ നേതൃത്വം നല്കി.

