ഇതരസംസ്ഥാനത്തു നിന്ന് കൂട്ടമായി തിരിച്ചെത്തുന്ന തൊഴിലാളികള്‍ എറണാകുളത്ത് കോവിഡ് രോഗവ്യാപന ഭീതി ഉയര്‍ത്തുന്നു. ഇവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ബംഗാളില്‍നിന്ന് കഴിഞ്ഞദിവസം ഷാലിമാര്‍ എകസ്പ്രസില്‍ മാത്രം ആലുവയിലിറങ്ങിയത് മുന്നൂറിലധികം അതിഥി തൊഴിലാളികളാണ്. റയില്‍വെ സ്റ്റേഷനില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങുന്ന ഇവര്‍ വാഹനങ്ങളില്‍ സംഘം ചേര്‍ന്നാണ് ജില്ലയുടെ കിഴക്കന്‍ മേഖലകളിലേക്കടക്കം എത്തുന്നത്.
ബസുകളിലെ യാത്രയ്ക്കും മാനദണ്ഡങ്ങള്‍ പാലിക്കാറില്ല. തൊഴിലാളികളില്‍ രോഗബാധിതരുണ്ടാകാന് സാധ്യതയുള്ളതിനാല്‍ തന്നെ രോഗവ്യാപന ഭീതിയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തന്നെ ആശങ്കയുണ്ട്. ഇതേ ആശങ്കയിലാണ് നാട്ടുകാരും.
കരാറുകാരോ ഏജന്റുമാരോ ഇല്ലാതെ എത്തുന്ന ഇവരില്‍ ഭൂരിപക്ഷവും കൃത്യമായ നീരീക്ഷണത്തില്‍ പോലും പോകാറില്ല. രോഗവ്യാപനത്തിന് മുന്‍പ് സര്‍ക്കാര്‍ യാത്രാസംവിധാനങ്ങളൊരുക്കി തിരിച്ചയച്ച അതിഥി തൊഴിലാളികളാണിങ്ങനെ കേരളത്തിലേക്ക് തിരിച്ചൊഴുകുന്നത്. വ്യവസായ മേഖലകളില്‍ പ്രവര്‍ത്തനം മന്ദഗതിയിലായതിനാല്‍ ഇതിനിടെ തിരിച്ചെത്തിയ തൊഴിലാളികളില്‍ നൂറിലധികംപേര്‍ കഴിഞ്ഞ ദിവസം ഗോഹട്ടിയിലേക്ക് തിരിച്ച് പോയിരുന്നു.


