കണ്ണൂര്‍: എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്റിലുള്ള പിപി ദിവ്യ ജാമ്യാപേക്ഷയുമായി ഇന്ന് തലശ്ശേരി കോടതിയെ സമീപിക്കും. കണ്ണൂർ കളക്ടറുടെ മൊഴിയടക്കമുള്ളവയാണ് ജാമ്യത്തിനായി ദിവ്യയുടെ പുതിയ വാദങ്ങൾ. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട്. എന്താണ് തെറ്റ് എന്ന് അന്വേഷണ സംഘം ചോദിക്കാത്തതെന്ത്? പ്രശാന്തിനെ സസ്പെൻഡ് ചെയ്തുള്ള സർക്കാർ ഉത്തരവ് കൈക്കൂലി ആരോപണം ശരിവെക്കുന്നതാണെന്നും പ്രശാന്തിന്റെ മൊഴി കോടതിയിൽ പരാമർശിക്കാത്തത് എന്തുകൊണ്ടാണെന്നും ദിവ്യ ചോദിക്കുന്നു. ഇതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നാണ് വാദം.
യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞത് അഴിമതിക്കെതിരെയാണെന്നാണ് പി ദിവ്യ അന്വേഷണ സംഘത്തിന് നല്കിയ മൊഴി. എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല. ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്ന് ദിവ്യ മൊഴിയിൽ പറയുന്നു. കൈക്കൂലി ആരോപണത്തെ കുറിച്ച് ദിവ്യ വ്യക്തമായ മറുപടി നൽകിയില്ല. യാത്രയയപ്പ് യോഗം അറിഞ്ഞത് കളക്ടർ പറഞ്ഞിട്ടാണ്. യോഗത്തിൽ പങ്കെടുക്കാൻ കളക്ടർ വിളിച്ചെന്നും ദിവ്യ അന്വേഷണ സംഘത്തോട് പറഞ്ഞു.