തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ സജീവമായേക്കും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടുമെന്നും ഐഎംഡി സൂചന നല്കി. തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തോടു ചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ കേന്ദ്രം മുതൽ തെക്കൻ തമിഴ്നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ മറ്റൊരു ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു.

