ചെന്നൈ: തമിഴ്നാട്ടിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു. മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ നടൻ വിജയിയുടെ എംഎൽഎയായി സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി. 233 എംഎൽഎമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവരുടെ തെരഞ്ഞെടുപ്പുകൾ നാളെ നടക്കും.
ഷോളവന്ദൻ എംഎൽഎ കറുപ്പയ്യയെ പ്രോട്ടം സ്പീക്കറായി ഇന്നലെ തെരഞ്ഞെടുത്തിരുന്നു. തമിഴ് തായ് വാഴ്ത്തിന് ശേഷമാണ് സത്യപ്രതിജ്ഞകൾ ആരംഭിച്ചത്. ഇന്നലെത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് തായ് വാഴ്ത്തിന് മുൻപ് വന്ദേമാതരം ആലപിച്ചത് വിവാദമായിരുന്നു. അതേസമയം, ഉദയനിധി സ്റ്റാലിനെ പ്രതിപക്ഷ നേതാവായി ഡിഎംകെ നിയമസഭാകക്ഷി യോഗം തീരുമാനിച്ചു.തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ ഡിഎംകെ പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രിയായിരുന്ന എം.കെ സ്റ്റാലിൻ പരാജയപ്പെട്ടതോടെയാണ് ഉദയനിധി സ്റ്റാലിന് നറുക്ക് വീഴുന്നത്. സ്റ്റാലിൻ മന്ത്രിസഭയിൽ ഉദയനിധി മന്ത്രിസ്ഥാനം വഹിച്ചിരുന്നു. ഡി ചെപ്പോക്ക് തിരുവള്ളിക്കേനിയിൽ 7140 വോട്ടിനാണ് ടിവികെ സ്ഥാനാർഥിയും മുൻ കോൺഗ്രസ് നേതാവുമായ ഡി.സെൽവത്തെ ഉദയനിധി തോൽപ്പിച്ചത്.
108 സീറ്റുകളുമായി വിജയിയുടെ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും മറ്റ് പാർട്ടികളെ കൂട്ടി കേവല ഭൂരിപക്ഷം തികച്ച് സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു. 59 സീറ്റുകൾ നേടാനേ ഡിഎംകെയ്ക്ക് സാധിച്ചിരുന്നുള്ളൂ. അഞ്ച് ദിവസം നീണ്ട് നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് 120 എംഎൽഎമാരുടെ പിന്തുണയോടെ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തത്. പെരമ്പൂർ സീറ്റ് നിലനിർത്തിയ വിജയ്, തിരുച്ചിറപ്പള്ളി ഈസ്റ്റിലെ നിയമസഭാ അംഗത്വം രാജിവെക്കുകയും ചെയ്തു.


