കൊച്ചി: സിപിഐയിലെ കാനം വിരുദ്ധർക്കെതിരെ സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറി സി എം ദിനേശ് മണി. മാധ്യമങ്ങളുടെ ഗൂഢാലോചന മനസ്സിലാക്കാൻ സിപിഐയുടെ ചില നേതാക്കൾക്ക് കഴിയുന്നില്ലെന്ന് ദിനേശ് മണി വിമർശിച്ചു.
കാനത്തെ മണിച്ചിത്രത്താഴിട്ട് പൂട്ടി എന്ന് ചിലർ പറയുന്നു. അങ്ങനെ പൂട്ടിയാൽ വിറയ്ക്കുന്ന നേതാവാണോ കാനം എന്നും ദിനേശ് മണി ചോദിച്ചു. എറണാകുളം എളങ്കുന്നപ്പുഴയിൽ നടന്ന സിപിഎം വിശദീകരണ യോഗത്തിലാണ് ദിനേശ് മണിയുടെ പ്രസംഗം.
എറണാകുളത്തെ തന്നെ സിപിഐ എക്സിക്യൂട്ടീവ് യോഗത്തിലാണ് കാനത്തെ മണിച്ചിത്രത്താഴിട്ട് പൂട്ടിയിരിക്കുകയാണ് സിപിഎമ്മെന്ന വിമർശനമുയർന്നത്. ഇക്കണക്കിന് പോയാൽ പാർട്ടിക്ക് മാർച്ചിന് പോകാൻ പോലും ആളെക്കിട്ടാതാകും. കോടിയേരിയുടെ മകനെതിരായ ലൈംഗികപീഡന പരാതിയുണ്ടായപ്പോൾ പോലും അനുഭാവത്തോടെ സംസാരിച്ച കാനം സ്വന്തം പാർട്ടിയിലെ എംഎൽഎയ്ക്ക് മർദ്ദനമേറ്റിട്ട് പോലും ഒരക്ഷരം പിന്തുണച്ച് സംസാരിച്ചില്ലെന്ന് യോഗത്തിൽ രൂക്ഷവിമർശനമുയർന്നു. കൊച്ചിയിലെ ഡിഐജി ഓഫീസ് മാർച്ചിൽ എംഎൽഎയ്ക്ക് മർദ്ദനമേറ്റതിനെത്തുടർന്ന് ഉണ്ടായ വിവാദങ്ങളെത്തുടർന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നടന്നത്.


