കൊല്ലത്ത് പൊലീസിന് നേരെ വടിവാള്‍ വീശി ഗുണ്ടകളുടെ പരാക്രമണം. അടൂര്‍ റസ്റ്റ് ഹൗസ് മര്‍ദനക്കേസ് പ്രതികളെ പിടികൂടാന്‍ കൊല്ലം പടപ്പക്കരയില്‍ എത്തിയ പൊലീസിന് നേരെയാണ് പ്രതികള്‍ ആക്രമണം അഴിച്ചുവിട്ടത്. വടിവാള്‍ വീശിയ ഗുണ്ടകള്‍ക്കെതിരെ പൊലീസ് തിരിച്ച് വെടിയുതിര്‍ത്തു. നാല് റൗണ്ടാണ് ്പ്രതികള്‍ക്കെതിരെ പൊലീസ് നിറയൊഴിച്ചത്.
കുണ്ടറ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. മൂന്നു പ്രതികളാണ് പൊലീസിനെ ആക്രമിച്ചത്. ആക്രമിച്ച ഗുണ്ടകളില്‍ ഒരാളെ പിടികൂടാനായെങ്കിലും മറ്റു രണ്ടു പേര് കായലില്‍ ചാടി രക്ഷപ്പെട്ടെന്നാണ് ലഭിക്കുന്ന വിവരം.
ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ പൊലീസിനെ കണ്ടതോടെ വടിവാള്‍ വീശി. ഇതോടെ പൊലീസ് നാല് റൗണ്ട് വെടിയുതിര്‍ത്തു. പ്രതികള്‍ കായലില്‍ ചാടി രക്ഷപ്പെട്ടു. കേസിലെ ആറ് പ്രതികളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. രണ്ട് പ്രതികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ കുണ്ടറയില്‍ ഒളിവില്‍ കഴിയുകയാണെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കൊല്ലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ പ്രതികള്‍ വടിവാള്‍ വീശുകയായിരുന്നുവെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതോടെ പ്രാണരക്ഷാര്‍ത്ഥം വെടിവെച്ചെന്നാണ് പൊലീസ് ഭാഷ്യം.
പ്രതികള്‍ക്കെതിരെ നാല് റൗണ്ട് വെടിയുര്‍ത്തെങ്കിലും ആര്‍ക്കും വെടിയേറ്റിട്ടില്ലെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം. അടൂര്‍ റസ്റ്റ് ഹൗസ് മര്‍ദനക്കേസിലെ പ്രതികളായ ആന്റണിയും ലിജോയും കുണ്ടറയിലെ ഒളിത്താവളത്തിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാക്കനാട് ഇന്‍ഫോ പാര്‍ക്ക് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തിയത്.
ചെങ്ങന്നൂര്‍ സ്വദേശി ലിബിന് വര്‍ഗീസിനെ കാക്കനാട് നിന്ന് തട്ടികൊണ്ടുപോയി അടൂരില്‍ വച്ച് ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ അന്വേഷണത്തിനിടെ ഇന്ന് രാവിലെയാണ് സംഭവങ്ങളുണ്ടായത്. ഗുണ്ടാപകയും സാമ്പത്തിക ഇടപാടിലെ തര്‍ക്കങ്ങളുമാണ് തട്ടിക്കൊണ്ടുപോകലിനും ആക്രമണത്തിനും കാരണമെന്നാണ് പിടിയിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.ആക്രമി സംഘത്തിലെ ഒരാളുടെ കാര്‍ ലിബിന് വര്‍ഗീസ് മറിച്ചു വിറ്റിരുന്നു.
ഇതിന്റെ പണം നിരവധി തവണ ആവശ്യപെട്ടിട്ടും തന്നില്ല.തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യമായി ഈ പണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. ലിബിന് വര്‍ഗീസിനൊപ്പം തട്ടിക്കൊണ്ടു പോയ ഭാര്യയെ തൊട്ടടുത്തു തന്നെ സംഘം ഉപേക്ഷിച്ചിരുന്നു.


