തിരുവനന്തപുരം: പാലുകാച്ചല്‍ ചടങ്ങിനു പോയിവരുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് എട്ടുവയസ്സുകാരന് മരിച്ചു. കുട്ടിയുടെ അച്ഛനാണ് ഓട്ടോ ഓടിച്ചിരുന്നത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. വെഞ്ഞാറമൂട് വെള്ളുമണ്ണടി മേലതില്‍വീട്ടില്‍ ബിനുമോന്റെയും രാജിയുടെയും മകന് അഭിനവാണ് മരിച്ചത്.
വെള്ളുമണ്ണടി സര്‍ക്കാര്‍ എല്‍.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അഭിനവ്. ഓട്ടോ ഓടിച്ചിരുന്ന ബിനുമോന് (40), ബിനുമോന്റെ ഭാര്യ രാജി (28), ഇവരുടെ മറ്റൊരു മകന് വൈഷ്ണവ് (11), ബിനുമോന്റെ സഹോദരപുത്രന് അദ്വൈത് (13), ബിനുവിന്റെ പിതാവ് ധര്മ്മരാജന് (61) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ മേലാറ്റുമൂഴി ജങ്ഷനില്‍ പോസ്റ്റ് ഓഫീസിനു സമീപമായിരുന്നു അപകടം.
നിരപ്പായ റോഡിലൂടെ വരുകയായിരുന്ന ഓട്ടോ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓട്ടോയുടെ അടിയില്‍പ്പെട്ട അഭിനവിന് ഗുരുതരപരിക്കുണ്ടായിരുന്നു. പരിക്കേറ്റവരെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പതിനൊന്നരയോടെ അഭിനവ് മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകീട്ടോടെ വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.


