ചെന്നൈ: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തില്‍ പത്തംഗ വനിതാ സംഘം ശബരിമലയിലേക്ക് യാത്ര പുറപ്പെട്ടു. പല സംഘങ്ങളായി കോട്ടയത്ത് എത്തിയ ശേഷം ഒരുമിച്ച് പമ്പയിലേക്ക് പോകാനാണ് തീരുമാനം. പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും പൊലീസ് സുരക്ഷയില്‍ ശബരിമലയില്‍ എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മനിതി സംഘടനാ പ്രവര്‍ത്തക സെല്‍വി നേരത്തെ വ്യക്തമാക്കിയിരുന്നു.

ചെന്നൈയില്‍ നിന്നും മധുരയില്‍ നിന്നുമുള്ള സംഘമാണ് കോട്ടയത്തേക്ക് യാത്ര തിരിച്ചത്. ഒഡീഷയില്‍ നിന്ന് അഞ്ച് യുവതികളും ഛത്തീസ്ഗഡില്‍ നിന്ന് ഒരു യുവതിയും ഇന്നലെ രാത്രി യാത്ര തുടങ്ങിയിട്ടുണ്ട്. ആകെ 45 പേരാണ് മനിതി സംഘടനയുടെ നേതൃത്വത്തില്‍ ശബരിമല മലചവിട്ടാന്‍ എത്തുക.


