അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് കൊച്ചി കൂട്ടബലാത്സംഗ കേസ് പരാതിക്കാരി. ഫോണ്‍ പൊലീസ് പിടിച്ചു വച്ചിരിക്കുകയാണെന്നും ഫോണ്‍ തരാന്‍ പറ്റില്ലെന്നാണ് പറയുന്നതെന്നും യുവതി പറഞ്ഞു. സുഹൃത്ത് നിര്‍ബന്ധിച്ച് വിളിച്ചിട്ടാണ് പാര്‍ട്ടിക്ക് പോയത്. ബാറില്‍ തന്നെ കൊണ്ടുപോയത് സുഹൃത്ത് ഡോളിയാണ്. തനിക്ക് തന്ന ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. അവശയായ തന്നോട് ഡോളി സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു.
നഗരത്തില്‍ വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂവരും പീഡിപ്പിച്ചു. പീഡിപ്പിച്ചവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയും. പീഡനത്തിന് ശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവെച്ച് പ്രതികരിക്കാന്‍ ഭയമായിരുന്നു. പിന്നെ ബാറില്‍ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചു. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും യുവതി പറഞ്ഞു.
കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രാജസ്ഥാന് സ്വദേശിയായ യുവതി, കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ആകെ നാല് പ്രതികളാണുള്ളത്. പ്രതികള്‍ക്കെതിരെ ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ട് പോകല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കുമെന്നും കൊച്ചി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു. പെണ്‍കുട്ടിക്ക് ലഹരി മരുന്ന് നല്‍കിയോ എന്നതില്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


