കല്യാണ ദിവസം വരനെയും വധുവിനെയും റാഗിംഗിന് ഇരയാക്കുന്ന പ്രവണതയ്ക്കെതിരേ മുന്നറിയിപ്പുമായി കേരള പോലീസ്. വരനെയും വധുവിനെയും സ്വീകരിക്കുന്ന ആഘോഷങ്ങളും റാഗിംഗുമെല്ലാം ഇപ്പോള്‍ ക്രമസമാധാന പ്രശ്നമാകുകയാണെന്നും ഇത് ഒത്തുചേരലുകളുടെ സന്തോഷം കെടുത്തുകയാണെന്നും ഒൗദ്യോഗിക ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ പോലീസ് ചൂണ്ടിക്കാട്ടുന്നു. ഈ രസകരമായ ആചാരങ്ങള്‍ സാമൂഹിക വിപത്തായി മാറുകയാണെന്നും എല്ലായിടത്തും ഈ പ്രവണത സാധാരണമായിരിക്കുകയാണെന്നും പറയുന്ന കുറിപ്പില്‍ വരന്റെ ഇന്നലെകളാണ് ഇത്തരത്തില്‍ ചെയ്യാന്‍ കൂട്ടുകാരെ പ്രേരിപ്പിക്കുന്നതെന്ന് ഓര്‍മിപ്പിക്കുന്നു.
ഇത്തരത്തിലുള്ള റാഗിംഗ് കാരണം കല്യാണം കൂട്ടത്തല്ലില്‍ അവസാനിക്കുന്നതു മുതല്‍ കല്യാണം മുടങ്ങി പോകുന്ന സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ടെന്നും ഇത്തരം തമാശകളില്‍ മാനസിക നില തെറ്റി വിവാഹദിനം തന്നെ വിവാഹമോചനത്തിലെത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും പറയുന്ന കുറിപ്പില്‍ ഇത്തരം കലാപരിപാടികള്‍ പുതുജീവിതം തുടങ്ങുന്നവരുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാകരുതെന്നും പറയുന്നു.

