തൃശൂര്‍ അമ്പിളിക്കല കൊവിഡ് സെന്ററില്‍ കഞ്ചാവ് കേസിലെ പ്രതി ഷെമീറിന്റെ മരണത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി. ജയിലില്‍ സൂപ്രണ്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അമ്പിളിക്കല കൊവിഡ് സെന്ററില്‍ 17 കാരന് മര്‍ദനമേറ്റെന്ന പരാതിയിലും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അതേസമയം, ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്. നാല് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഉത്തരമേഖല ജയില്‍ വകുപ്പ് ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇത് സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് കൈമാറി.
രണ്ട് ഉദ്യോഗസ്ഥരെ വിയൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. ഒരാള്‍ അതിസുരക്ഷാ ജയിലിലും മറ്റൊരാളെ എറണാകുളം സബ് ജയിലിലുമാണ്. രണ്ട് ജീവനക്കാര്‍ മോശമായി പെരുമാറിയെന്നാണ് ജയില്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ മരണകാരണമാകുന്ന മര്‍ദ്ദനം അമ്പിളിക്കലയില്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


