തിരുവനന്തപുരം:കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് അപേക്ഷ അയച്ച് ഭരണഘടന സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ. എന്നാൽ ഇത്തരക്കാരുടെ മാത്രം അപേക്ഷ സ്വീകരിക്കാതെ അധികൃതർ അവഗണിക്കുന്നുവെന്ന് പരാതി. അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, കേരള നിയമസഭാ സെക്രട്ടറിയേറ്റ്, പി എസ് സി എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയാത്തത്. നവംബര്‍ ഒന്നിനാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്കുള്ള ആദ്യ വിജ്ഞാപനം പിഎസ്സി പ്രസിദ്ധീകരിച്ചത്. കെഎഎസ് ഓഫിസര്‍ (ജൂനിയര്‍ ടൈം സ്കെയില്‍) ട്രെയിനി സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 എന്നിങ്ങനെ 3 രീതിയിലാണു നിയമനം. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. നൂറിലേറെ ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് ജീവനക്കാര്‍
സര്‍ക്കാര്‍ വകുപ്പില്‍ പ്രബേഷന്‍ പൂര്‍ത്തിയാക്കിയവരില്‍ നിന്നും സ്ഥിരമാക്കപ്പെട്ടവരില്‍ നിന്നും നേരിട്ടുള്ള നിയമനം ഉറപ്പാക്കുന്ന സ്ട്രീം 2 കാറ്റഗറിയിലാണ് ഭരണഘടന ജീവനക്കാരുടെ അപേക്ഷ നിഷേധിക്കപ്പെടുന്നത്. കടുത്ത പ്രതിഷേധമാണ് ഈ വിഭാഗം ജീവനക്കാരില്‍ നിന്നും ഉയരുന്നത്. ജനറല്‍ വിഭാഗത്തില്‍ മാത്രമേ ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കുകയുള്ളു. കെഎഎസ് നടപ്പിലാക്കുന്നത് സംബന്ധിച്ച് 2017ല്‍ പുറപ്പെടുവിക്കപ്പെട്ട ചട്ടങ്ങള്‍ പ്രകാരം ഭരണഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടന സ്ഥാപനങ്ങളിലേക്കും മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്കും ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചിരുന്നത് ഒരേ റാങ്ക് ലിസ്റ്റില്‍ നിന്നാണ്. ഒഴിവുകള്‍ എഴുതി അറിയിക്കപ്പെടുന്ന മുറയ്ക്കും ഉദ്യോഗാര്‍ത്ഥികളുടെ റാങ്കിനും അനുസൃതമായി പി എസ് സിയാണ് നിയമനം നിശ്ചയിക്കുന്നത്. മുന്‍പ് ഭരണഘടനാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയേറ്റിലേക്ക് മറ്റും സ്ഥലം മാറ്റപ്പെട്ടിട്ടുണ്ട്.
കെഎഎസിന്റെ ഷെഡ്യൂള്‍ 1ല്‍ ഉള്‍പ്പെടാത്ത കേരളത്തിലെ മറ്റെല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും ഓഫിസ് അറ്റന്‍ഡ് മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ക്ക് നിലവിലെ വ്യവസ്ഥകള്‍ പ്രകാരം സ്ട്രീം 2വിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് ഭരണഘടന സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒഴിവാക്കുന്നത്.


