തിരുവനന്തപുരം: തലസ്ഥാനത്തെ മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട അലൈന്‍മെന്റിന് മുഖ്യമന്ത്രി പിണറായി വിജയന് അംഗീകാരം നൽകി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്, സെക്രട്ടേറിയറ്റ്, മെഡിക്കല്‍ കോളജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യഘട്ട അലൈന്മെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആർ.എൽ) മുഖേനയാണ് പദ്ധതി നടപ്പാക്കുക.
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ ഡിപിആർ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. കെഎംആർഎൽ തയ്യാറാക്കുന്ന പദ്ധതിരേഖ പ്രകാരമായിരിക്കും കേരളം അനുമതിയ്ക്കായി കേന്ദ്രത്തെ സമീപിക്കുക. എണ്ണായിരം കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അതിവേഗം വളരുന്ന തിരുവനന്തപുരത്തിന്റെ ഭാവി വികസനത്തിന് മെട്രോ റെയില്‍ പദ്ധതി ഗതിവേഗം പകരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
30 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയും. പുതിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. തിരുവനന്തപുരത്ത് വേഗം നിര്മാണ് പൂര്‍ത്തിയാക്കാന്‍ അനുകൂലമായ സമയമാണ്. കൊച്ചിയില്‍ രണ്ടാം ഘട്ടം 2026 ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. തിരുവനന്തപുരത്ത് എല്ലാ സ്റ്റേഷനുകളിലും പാര്‍ക്കിങ് സ്ഥലം ഉണ്ടാക്കും. കൊച്ചിയില്‍ അതിന് പറ്റിയില്ലായിരുന്നു. നല്ല രീതിയില്‍ നിര്‍മാണം കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. സ്ഥലം ഏറ്റെടുക്കല്‍ വേണ്ടി വരുമെന്ന് അദേഹം അറിയിച്ചു.


